Kerala

മോൻസനെതിരെ പരാതിയുമായി തൃശൂർ സ്വദേശി

“Manju”

തൃശൂർ: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെതിരെ വീണ്ടും പരാതി. തൃശ്ശൂരിലെ വ്യവസായി കന്നത്ത് ഹനേഷ് ജോർജ് ആണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. കടംവാങ്ങിയ 17 ലക്ഷം രൂപ തിരിച്ചു നൽകിയില്ലെന്നു ഹനേഷ് ജോർജ് പറയുന്നു. ഇതോടെ മോൻസൻ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ആറായി.

ഒല്ലൂർ പോലീസിലാണ് ഹനേഷ് ജോർജ് പരാതി നൽകിയിരിക്കുന്നത്. മകളുടെ വിവാഹ നിശ്ചയത്തിന്റെ തലേന്നാണ് മോൺസൻ മാവുങ്കൽ പണം വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. ലോകത്തെ തന്നെ പ്രധാന പുരാവ്‌സതു ശേഖരം തന്റെ പക്കലുണ്ടെന്ന് പറഞ്ഞാണ് മോൻസനെ പരിചയപ്പെടുന്നത്. ഡോക്ടറാണ് താനെന്ന് പറഞ്ഞാണ് മോൻസൻ പരിചയപ്പെടുത്തിയത്. നിരവധി തവണ ഇയാളുടെ മ്യൂസിയത്തിൽ പോയിട്ടുമുണ്ട്.

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് ആദ്യം പോകുന്നത്. മോൻസന്റെ നിർദ്ദേശപ്രകാരമുള്ള മരുന്നുകൾ കഴിച്ചപ്പോൾ തന്റെ ശാരീരിക ബുദ്ധിമുട്ടുകൾ മാറിയിരുന്നു. ഇത് മോൻസനെ കൂടുതൽ വിശ്വാസത്തിലെടുക്കാൻ കാരണമായെന്നും ഹനേഷ് ജോർജ് വ്യക്തമാക്കി. 2021 ഓഗസ്റ്റിലാണ് മോൻസന് പണം നൽകുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും നാല് മാസത്തിനുള്ളിൽ പണം തിരികെ നൽകാമെന്നും മോൻസൻ പറഞ്ഞിരുന്നുവെന്നും പരാതിയിൽ പറയുന്നു.

മോൻസനെതിരെ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് അയാൾ ഒരു ഫ്രോഡാണെന്ന് തിരിച്ചറിയുന്നത്. നിരവധി പേരെ മോൻസൻ വഞ്ചിച്ചിട്ടുണ്ട്. വ്യാജ ഡോക്ടറാണെന്നടക്കമുള്ള വിവരങ്ങൾ വാർത്തിയിലൂടെയാണ് താൻ അറിയുന്നത്. പിന്നാലെയാണ് മോൻസനെതിരെ പരാതി നൽകാൻ തീരുമാനിച്ചതെന്നും ജോർജ് വ്യക്തമാക്കി.

Related Articles

Back to top button