IdukkiKeralaLatest

പീഡനം: ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി

“Manju”

തൊടുപുഴ • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ചെന്ന ആരോപണത്തെത്തുടർന്ന് സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗത്തെ പാർട്ടിയിൽ നിന്നു പുറത്താക്കി. കൂമ്പൻമല ബ്രാഞ്ച് അംഗത്തെയാണ് പാർട്ടി അംഗത്വത്തിൽ നിന്നു പുറത്താക്കിയതായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ അറിയിച്ചത്. സംഭവം വിവാദമായതോടെ നെടുങ്കണ്ടം പൊലീസ്, ബ്രാഞ്ച് കമ്മിറ്റിയംഗം സഞ്ചരിച്ചിരുന്ന വാഹനം പിടിച്ചെടുത്തു.

ഇന്നലെ പുലർച്ചെ 4നു നെടുങ്കണ്ടം സ്റ്റേഷൻ പരിധിയിലാണ് സംഭവം. മികച്ച മാർക്ക് വാങ്ങി വിജയിച്ച വിദ്യാർഥികളെ അനുമോദിക്കാൻ സിപിഎം പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിക്കിടെയാണ് ബ്രാഞ്ച് കമ്മിറ്റിയംഗം പതിനാറുകാരിയുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് സൗഹൃദം സ്ഥാപിച്ചത്. ഇന്നലെ പുലർച്ചെ പെൺകുട്ടിയുടെ വീട്ടിൽ ബ്രാഞ്ച് കമ്മിറ്റിയംഗം എത്തി.

വീട്ടുകാർ ശബ്ദം കേട്ടു പുറത്തെത്തിയപ്പോഴാണ് പെൺകുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തിയത്. വീട്ടുകാർ ബഹളം വച്ചതോടെ ബ്രാഞ്ച് കമ്മിറ്റിയംഗം വാഹനം ഉപേക്ഷിച്ച് കടന്നു. പൊലീസെത്തി വാഹനം കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ മൊഴി ചൈൽഡ് ലൈൻ രേഖപ്പെടുത്തി. റിപ്പോർട്ട് ലഭിച്ചശേഷം നടപടി സ്വീകരിക്കുമെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.

Related Articles

Back to top button