IndiaLatest

ഗുരുവിലൂടെയുള്ള നിലനിൽപ്പ്

“Manju”

ഗൂഡല്ലൂർ : ആദ്യകാല ഗുരുഭക്തരുടെ താളുകൾ മറിച്ചു നോക്കുമ്പോൾ ഡോ.ജി.കെ.ഭദ്രാക്ഷന്റെയും ഭാര്യ ഡോ.ആർ.മന്തൈമ്മാളുടേയും പേരുകൾ ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല. തമിഴ്നാട്ടിലെ ഗൂഢല്ലൂർ പ്രദേശത്ത് ഏറെക്കാലം ആശ്രമ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചത് ഈ കുടുംബമാണ്.

1943ൽ കൊല്ലം പത്തനാപുരത്ത് ജനിച്ച് ഹോമിയോ ചികിത്സകനായ ഡോ.ഭദ്രാക്ഷൻ വിവാഹം ചെയ്തത് മധുരൈ സ്വദേശിനിയായ മന്തൈമ്മാളേയാണ്. ഇരു കുടുംബവും പാരമ്പര്യമായി വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ടവരാണ്. സിദ്ധവൈദ്യ രംഗത്ത് പ്രവീണ്യം നേടിയിരുന്ന മന്തൈമ്മാളുമൊത്ത് ജി.കെ.എം. ക്ലിനിക് എന്ന പേരിൽ ഒരു ആശുപത്രി ഡോ.ഭദ്രാക്ഷൻ ഗൂഡല്ലൂരിൽ ആരംഭിച്ചു. നിരവധി രോഗികൾക്ക് ഇവർ ആശ്വാസം നൽകി. മധുരൈ മെഡിക്കൽ അസോസിയേഷൻ, തമിഴ്നാട് സിദ്ധ മെഡിക്കൽ കൗൺസിൽ, ചെന്നൈ ഐ.എം.പി.സി.ഒ.പി. എസ്. , തമിഴ്നാട് ബോർഡ് ഓഫ് ഇന്ത്യൻ മെഡിസിൻ, തമിഴ്നാട് ഹോമിയോ മെഡിക്കൽ കൗൺസിൽ, മദ്രാസിലുള്ള സെൻട്രൽ ബോർഡ്‌ ഓഫ് ഇൻഡിജിനീയസ് മെഡിസിൻ തുടങ്ങിയ സംഘടനകളിലെ സ്ഥിരാംഗം ആയിരുന്നു ഡോ.ഭദ്രാക്ഷൻ. തേനി ജില്ലാ ഗവൺമെന്റ് രജിസ്‌റ്റേർഡ് ഡോക്ടേഴ്സ് അസോസിയേഷന്റെ ചീഫ് എക്സിക്യുട്ടീവും ആംആദ്മി പാർട്ടി ആരോഗ്യ വിഭാഗത്തിന്റെ പ്രാദേശിക ചുമതലയും ഡോ. മന്തൈമ്മാൾ വഹിച്ചിരുന്നു.

ശാന്തിഗിരിയിലെ വഴിയിലെ മറക്കപ്പെടാനാവാത്ത ഏടാണ് ഗൂഡല്ലൂരും ചുരുളിയും. ഗൂഡല്ലൂരുള്ള അഭ്യുദയകാംക്ഷികളുടെ അഭ്യർത്ഥന മാനിച്ച് ഗുരു അവിടം സന്ദർശിച്ചു. ചെറിയ രീതിയിൽ ഒരു ആശ്രമസ്വഭാവം അവിടെ ഉയർന്നു വന്നു. 1979 മാർച്ചിൽ ഡോ. ഭദ്രാക്ഷനും കുടുംബവും ഗൂഡല്ലൂർ ആശ്രമത്തിൽ വെച്ച് ഗുരുവിനെ കണ്ടുമുട്ടി. കുറച്ചു നാൾ കഴിഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന ആശ്രമം ഇല്ലാതായി. ആരംഭകാലത്തേ അതു നിന്നു പോകുമെന്ന് ഗുരു അറിയിച്ചിരുന്നു.

1980 ൽ ഗൂഡല്ലൂരിൽ എത്തിയ ഗുരു സമുദ്രനിരപ്പിൽ നിന്നും 4000 അടി ഉയരത്തിലുള്ള ചുരുളി തീർത്ഥം സന്ദർശിച്ചു. അവിടെയുള്ള വെള്ളച്ചാട്ടത്തിനു മുകളിലുള്ള കൂറ്റൻ പാറപ്പുറത്ത് ഇരുന്ന് ഗുരു സങ്കല്പം ചെയ്യാൻ ആരംഭിച്ചു. ഡോ. ഭദ്രാക്ഷനും കുടുംബവുമുൾപ്പടെ കൂടെയുള്ളവർ ചുറ്റുമിരുന്നു. പ്രകൃതിയിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണമെന്ന് ഗുരു നിർദ്ദേശം നൽകിയിരുന്നു. സങ്കല്പം തുടങ്ങി അല്പം കഴിഞ്ഞപ്പോൾ മുകളിൽ നിന്ന് ഒരു കൂറ്റൻ പാറ പാറകഷ്ണങ്ങളോടൊപ്പം അവിടെ ഇരുന്നവർക്കു നേരെ ഉരുണ്ടു വരുന്നതു കണ്ട് ‘ഗുരുവേ…അപ്പാ …’ എന്ന് ഭയചകിതരായി ഉറക്കെ അവർ നിലവിളിച്ചു. ഗുരു സങ്കല്പത്തിൽ നിന്ന് ഉണർന്ന് മുകളിലേക്ക് നോക്കി. അന്തരീക്ഷത്തിൽ എങ്ങും പൊടിപടലം. ആ പൊടിപടലത്തിനുള്ളിൽ മന്ദസ്മിതം തൂകി താമരമുകളിൽ ഇരിക്കുന്ന ഗുരുവിന്റെ രൂപം ചുറ്റുമുള്ളവർ കണ്ടു. പാറ ഒരു വശത്തേക്ക് ചരിഞ്ഞു ഇറങ്ങി താഴേക്കു പോയി. “ദൈവത്തിന്റെ കനിവാണ് നിങ്ങൾ കണ്ടത്. തൽക്കാലം ഇത് ആരോടും പറയരുത് ” എന്ന് ഗുരു അപ്പോൾ തന്നെ നിർദ്ദേശിച്ചു. അവിടെ നിന്ന് തിരിച്ച് പോകുന്ന വഴി ഗുരു ഡോ.ഭദ്രാക്ഷന്റെ ജി.കെ.എം. ആശുപത്രിയിലും സന്ദർശിച്ചു. 1982 ൽ രോഗശമനാർത്ഥം ഡോ.ഭദ്രാക്ഷന്റെ കുടുംബം പോത്തൻകോട് ആശ്രമത്തിൽ കുറെ ദിവസം തങ്ങുകയുണ്ടായി. കുമളിയിലും കല്ലാറിലുമുള്ള ആശ്രമ പ്രവർത്തനങ്ങളിലും ഈ കുടുംബം സജീവമായി പങ്കെടുത്തിരുന്നു.

ഗുരുവാണ് തങ്ങളെ നിലനിർത്തിയതും നിലനിർത്തുന്നതുമെന്ന് ഈ കുടുംബം വിശ്വസിക്കുന്നു. 2017 ജനുവരി 31 ന് ഡോ.ഭദ്രാക്ഷൻ ദിവംഗതനായി. 2020 ഒക്ടോബർ 5 ന് ദിവംഗതയായ ഡോ.മന്തൈയമ്മാളുടെ വേർപാടിന് ഇന്ന് ഒരാണ്ട് തികയുന്നു. ഡോ. പ്രഭു ബി, കവിത, ഡോ. ജനപ്രിയ, ഡോ. ഋഷികുമാർ ബി എന്നിവരാണ് ഇവരുടെ മക്കൾ. ഡോ. ജഗദീശ്വരി, ശബരിനാഥൻ, ഡോ. ഗോപിശേഖർ എന്നിവർ മരുമക്കളാണ്. എസ്. ഉലകനാഥൻ, എസ്.മേഘനാഥൻ , പി. ഗുരുപ്രണവ്, ഗുരുമിത്രൻ.ജി എന്നിവർ കൊച്ചുമക്കളാണ്. ഡോ. ഭദ്രാക്ഷന്റെയും ഡോ.മന്തൈയമ്മാളിന്റെയും ഓർമ്മകൾക്കുമുമ്പിൽ  ശാന്തിഗിരി ന്യൂസിന്റെ പ്രണാമം..

Related Articles

Back to top button