India

ശത്രുവിമാനങ്ങൾ ഭസ്മമാക്കും; ആകാശ് പ്രൈം മിസൈലുകൾ

“Manju”

പ്രതിരോധക്കരുത്തിൽ മിസൈൽ വേഗത്തിൽ കുതിയ്‌ക്കുകയാണ് ഭാരതം. കഴിഞ്ഞ ദിവസം ആകാശ് പ്രൈം മിസലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതോടെ രാജ്യത്തിന്റെ പ്രതിരോധ ആവനാഴിയിലെ ആയുധങ്ങളുടെ മൂർച്ച കൂടുകയാണ്. ശത്രുക്കളുടെ യുദ്ധവിമാനങ്ങൾ നിമിഷങ്ങൾകൊണ്ട് ഭസ്മമാക്കാൻ കരുത്തുള്ള ആകാശ് പ്രൈം മിസൈലുകൾ നമ്മുടെ സൈനിക കരുത്ത് ഇരട്ടിയാക്കും. ഗവേഷണ പരീക്ഷണങ്ങളിലൂടെ പ്രതിരോധ രംഗത്തെ ഇന്ത്യയുടെ തേരോട്ടം തുടരുകയാണ്.

ഇന്ത്യ തദ്ദേശീമായി നിർമ്മിച്ച ഉപരിതല ഭൂതല മിസൈലായ ആകാശ് മിസൈലുകളുടെ നവീകരിച്ച പതിപ്പാണ് ആകാശ് പ്രൈം മിസൈലുകൾ. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയാണ് മിസൈൽ വികസിപ്പിച്ചത്. ആധുനിക സാങ്കേതിക പ്രയോജനപ്പെടുത്തി നിരവധി നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷമാണ് ബുധനാഴ്ച മിസൈൽ പരീക്ഷിച്ചത്. ഒഡീഷയിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നടത്തിയ പരീക്ഷണത്തിൽ ലക്ഷ്യം കൃത്യമായി ഭേദിച്ചായിരുന്നു മിസൈൽ കരുത്ത് തെളിയിച്ചത്.

1980 കളുടെ അവസാനത്തിലാണ് ശത്രുരാജ്യങ്ങളിൽ നിന്നുള്ള വെല്ലുവിളി നേരിടാൻ ആകാശ് മിസൈലുകൾ വികസിപ്പിച്ചത്. 1990 കളിലും, 2000 ലുമായി മിസൈലിന്റെ വിവിധ പരീക്ഷണങ്ങളും നടന്നു.

സംസ്‌കൃതത്തിൽ നിന്നുമാണ് മിസൈലിന് ആകാശ് എന്ന പേര് നൽകിയത്. പ്രതികൂലമായ കാലാവസ്ഥയിൽ പോലും ശത്രുക്കളുടെ വ്യോമാക്രമണം പ്രതിരോധിക്കാൻ കഴിയുമെന്നത് ആകാശ് മിസൈലുകളെ മറ്റ് മിസൈലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

27 മുതൽ 30 കിലോമീറ്റർവരെയാണ് ആകാശ് മിസൈലുകളുടെ ദൂരപരിധി. ഇതേ ദൂരപരിധിയാണെങ്കിലും പ്രഹരശേഷി വർദ്ധിപ്പിക്കാൻ റേഡിയോ ഫ്രീക്വൻസി ഉപയോഗിക്കുന്നു എന്നത് ആകാശ് പ്രൈമിനെ പരമ്പരാഗത ആകാശ് മിസൈലുകളിൽ നിന്നും വേറിട്ടതാക്കുന്നു. ഉയർന്ന പ്രതലങ്ങളിൽ നിന്നും ശത്രുക്കളെ നേരിടാൻ ആകുമെന്നതാണ് ആകാശ് പ്രൈം മിസൈലുകളുടെ മറ്റൊരു പ്രധാന സവിശേഷത. കുറഞ്ഞ താപനിലയിലും ഫലപ്രദമായി പ്രവർത്തിക്കാൻ ഈ മിസൈലുകൾക്ക് കഴിയും.

18 കിലോ മീറ്ററിന് മുകളിലുള്ള മേഖലകളിൽ ഉപയോഗിക്കാൻ കഴിയില്ല എന്നത് ആകാശ് മിസൈലുകളുടെ പേരായ്മയായിരുന്നു. അതിനാൽ ഇതിനു മുകളിൽ ഉപയോഗിക്കാൻ ശേഷിയുള്ള മിസൈൽ വേണമെന്ന കരസേനയുടെ ആവശ്യം പരിഗണിച്ചാണ് പ്രൈം മിസൈലുകൾക്ക് രൂപം നൽകിയത്. കഴിഞ്ഞ ജനുവരിയിൽ ആകാശ് മിസൈലുകളുടെ മറ്റൊരു പതിപ്പായ ആകാശ് ന്യൂജനറേഷൻ മിസൈലുകളുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

പ്രതിരോധ ശക്തിയിൽ ഒന്നാമതെന്ന് വാദിക്കുന്ന രാജ്യങ്ങളെ പോലും അമ്പരപ്പിക്കുന്ന രീതിയിലാണ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ. പരീക്ഷണങ്ങളിൽ വിജയിച്ച് മുന്നേറുമ്പോഴും ശത്രുരാജ്യങ്ങൾക്കെതിരെ ഇന്ത്യയുടെ പണിപ്പുരയിൽ ആയുധങ്ങളുടെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Related Articles

Back to top button