IndiaLatest

റോഡപകടത്തില്‍ പെടുന്നവരെ ആശുപത്രിയിലെത്തിക്കാം; പാരിതോഷികം നേടാം

“Manju”

ന്യൂഡൽഹി: റോഡപകടങ്ങളില്‍ പെടുന്നവരെ സമയബന്ധിതമായി ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് പാരിതോഷികവുമായി കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ വകുപ്പ്.
അപകടത്തില്‍ പെട്ട് മണിക്കൂറിനുള്ളില്‍ (ഗോള്‍ഡന്‍ അവര്‍) പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ച്‌ ജീവന്‍ രക്ഷിക്കുന്നവര്‍ക്ക് 5000 രൂപയാണ് നല്‍കുക.
സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പ്രിന്‍സിപ്പല്‍, ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിമാര്‍ക്കയച്ച കത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഈ മാസം 15 മുതല്‍ 2026 മാര്‍ച്ച്‌ 31 വരെയാണ് പദ്ധതിയുടെ കാലയളവ്.
അടിയന്തര സാഹചര്യങ്ങളില്‍ റോഡപകടബാധിതരെ സഹായിക്കാന്‍ പൊതുജനങ്ങളെ പ്രചോദിപ്പിക്കുക എന്നതാണ് പദ്ധതി കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 5000 രൂപക്കൊപ്പം പ്രശസ്തി പത്രവും ലഭിക്കും. ഇത്തരത്തില്‍ റോഡപകടങ്ങില്‍ പെട്ടവരെ സഹായിക്കുന്നവരില്‍ നിന്ന് 10 പേര്‍ക്ക് ദേശീയ തലത്തില്‍ പുരസ്കാരം നല്‍കും. ലക്ഷം രൂപയായിരിക്കും വര്‍ഷത്തില്‍ നല്‍കുന്ന ഇൗ പുരസ്കാര ജേതാവിന് ലഭിക്കുക.
ഒന്നിലധികം പേര്‍ ഒന്നിലധികം ഇരകളുടെ ജീവന്‍ രക്ഷിക്കുന്നുവെങ്കില്‍ ഒരാള്‍ക്ക് 5,000 രൂപവെച്ച്‌ രക്ഷിക്കുന്നവര്‍ക്ക് 5,000 രൂപ വീതവും നല്‍കുമെന്ന് മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി ഗതാഗത വകുപ്പ് സംസ്ഥാനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം അനുവദിച്ചു.
ഗതാഗത വകുപ്പിന്‍റെ മാര്‍ഗനിര്‍ദേശ പ്രകാരം രക്ഷാപ്രവര്‍ത്തനം നടത്തിയയാള്‍ സംഭവം ആദ്യം പൊലീസിനെ അറിയിച്ചാല്‍ ഡോക്ടറോട് വിശദാംശങ്ങള്‍ ആരാഞ്ഞ ശേഷം അദ്ദേഹത്തിന് ഔദ്യോഗിക ലെറ്റര്‍ പാഡില്‍ ഒരു അംഗീകാരം നൽകും.
അംഗീകാരത്തിന്‍റെ പകർപ്പ് ജില്ലാ തലത്തിൽ ജില്ലാ മജിസ്‌ട്രേറ്റിന്‍റെ അധ്യക്ഷതയിൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ മുഖേന രൂപീകരിച്ച അപ്രൈസൽ കമ്മിറ്റിക്ക് അയക്കും.
അപകടത്തിൽപെട്ടയാളെ നേരിട്ട് ആശുപത്രിയിൽ എത്തിക്കുകയാണെങ്കിൽ ആശുപത്രി എല്ലാ വിശദാംശങ്ങളും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ നൽകണം. അവർക്ക് പൊലീസ് അംഗീകാരം നൽകുമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. രക്ഷാപ്രവർത്തകർക്ക് വർഷത്തിൽ പരമാവധി അഞ്ച് തവണ പാരിതോഷികത്തിന് അർഹനാകാം.
2020ൽ ഇന്ത്യയിൽ 3,66,138 റോഡപകടങ്ങളിൽ നിന്നായി 1,31,714 മരണങ്ങൾ സംഭവിച്ചതായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ലോക്‌സഭയിൽ അറിയിച്ചിരുന്നു.

Related Articles

Back to top button