Auto

എയർ ബാഗ് തകരാർ; കാറുകൾ തിരിച്ച് വിളിച്ച് വോൾവോ

“Manju”

മുംബൈ: ഡ്രൈവർക്കും യാത്രക്കാർക്കും സുരക്ഷ പ്രധാനം ചെയ്യേണ്ട എയർ ബാഗുകളിൽ സുരക്ഷ വീഴ്ച. ലോകമെമ്പാടുമുള്ള 4,60,000 വാഹനങ്ങൾ തിരിച്ച് വിളിച്ച് സ്വീഡിഷ് വാഹന നിർമ്മാതാക്കളായ വോൾവോ. കമ്പനിയുടെ സെഡാൻ മോഡലുകളായ എസ്60, എസ്80 എന്നിവയുൾപ്പെടെ നിർമ്മാതാക്കൾ തിരിച്ച് വിളിച്ചിട്ടുണ്ട്.

വാഹനം അപകടത്തിൽപ്പെടുമ്പോൾ ഡ്രൈവർക്കും യാത്രക്കാർക്കും സുരക്ഷ നൽകുന്ന വസ്തുവാണ് എയർ ബാഗ്. എന്നാൽ അപകട സമയത്ത് ഇവ പൊട്ടുമ്പോൾ പുറത്ത് വരുന്ന ലോഹ ശകലങ്ങൾ ആളുകൾക്ക് കൂടുതൽ ഭീഷണിയാകുന്നു. ഇതുകൊണ്ടാണ് നിർമ്മാതാക്കൾ ഇത്രയും അധികം വാഹനങ്ങളെ തിരിച്ച് വിളിച്ചത്. 2000 മെയ് മുതൽ 2009 മാർച്ച് വരെ നിർമ്മിച്ച വാഹനങ്ങളിലാണ് തകരാറുകൾ കണ്ടെത്തിയത്.

വാഹനത്തിന്റെ ഈ പ്രശ്‌നം പരിഹരിക്കാൻ ആവശ്യമായ തുകയുടെ കാര്യങ്ങൾ വോൾവോ ഇനിയും പുറത്ത് വിട്ടിട്ടില്ല. കൂടാതെ ഏതൊക്കെ രാജ്യത്തുള്ള വാഹനങ്ങളാണ് കണക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടില്ല.

വോൾവോ വാഹനങ്ങളുടെ ഈ പ്രശ്‌നം മൂലം ഒരു മരണമാണ് ഇതു വരെ റിപ്പോർട്ട് ചെയ്തത്. യുഎസ് നാഷണൽ ഹൈവേ ട്രാഫിക്ക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന് നിർമ്മാതാക്കൾ സമർപ്പിച്ച കണക്കാണിത്. ഈ പ്രശ്‌നം ഉടൻ പരിഹരിക്കുമെന്ന് വോൾവോ ഉറപ്പ് നൽകി.

വാഹനങ്ങളിൽ ഉപയോഗിക്കുന്ന ടകാറ്റ എയർ ബാഗുകൾ മൂലം വിവിധ നിർമ്മാതാക്കളുടെ 100 മില്ല്യൺ വാഹനങ്ങൾ ഇതിനോടകം തിരിച്ച് വിളിച്ചിട്ടുണ്ട്. ഹോണ്ട, നിസാൻ, ടെസ്ല, മെഴ്‌സിഡസ് ബെൻസ്, ബിഎംഡബ്ല്യൂ, ജാഗ്വാർ എന്നീ നിർമ്മാതാക്കളുടെ വാഹനങ്ങളാണ് തിരിച്ച് വിളിച്ചിട്ടുള്ളത്.

ആഗോളതലത്തിൽ 28 മരണങ്ങളാണ് എയർ ബാഗുകളുടെ സുരക്ഷ വീഴ്ച മൂലം സംഭവിച്ചിട്ടുള്ളത്.

Related Articles

Back to top button