IndiaLatest

എംടിയുടെ ‘കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്’; എംടി, ലിജോ, മമ്മൂട്ടി ഒന്നിക്കുന്ന ചിത്രം

“Manju”

കൊച്ചി : എം ടി വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കിയ നെറ്റ്ഫ്ളിക്സ് ആന്തോളജി ചിത്രത്തെക്കുറിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഇനിയും വന്നിട്ടില്ലെങ്കിലും പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ജയരാജ്, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവര്‍ വിവിധ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നുവെന്ന വിവരം പുറത്തെത്തിയിരുന്നു.
ഇതില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനെന്ന വിവരവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ഈ കൂട്ടുകെട്ടില്‍ പുറത്തെത്തുന്നത് എംടിയുടെ ഏത് കഥയാണെന്ന വിവരവും എത്തിയിരിക്കുകയാണ്. എംടിയുടെ ‘കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്’ എന്ന കഥയാണ് ലിജോ ചലച്ചിത്രമാക്കുന്നത്.
ശ്രീലങ്കയില്‍ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകള്‍ എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയെക്കുറിച്ച് ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍റെ ഓര്‍മ്മയാണ് ‘കടുഗണ്ണാവ’. ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് അത്. പി കെ വേണുഗോപാല്‍ എന്നാണ് നായക കഥാപാത്രത്തിന്‍റെ പേര്. ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവരുന്ന അയാള്‍ പഴയ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കുകയാണ്.
ഈ കഥാപാത്രത്തെയാവും മമ്മൂട്ടി അവതരിപ്പിക്കുന്നത്. നെറ്റ്ഫ്ളിക്സ് ആന്തോളജി കൂടാതെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഒരു ഫീച്ചര്‍ ചിത്രത്തിലും മമ്മൂട്ടി നായകനാകുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ ചിത്രത്തിലൂടെ മമ്മൂട്ടിയുടെ ഉടമസ്ഥതയില്‍ ഒരു പുതിയ ബാനര്‍ നിലവില്‍ വരുമെന്നും കരുതപ്പെടുന്നു.

Related Articles

Back to top button