KeralaLatest

രാജ്യാന്തര ആയുര്‍വേദ ഗവേഷണ കേന്ദ്രം നിര്‍മാണം

“Manju”

ഇരിക്കൂര്‍ : പടിയൂര്‍ പഞ്ചായത്തിലെ കല്യാട് ആരംഭിക്കുന്ന രാജ്യാന്തര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മാണം ഒരു മാസത്തിനകം ആരംഭിക്കാന്‍ തീരുമാനമായി .കെ.കെ.ശൈലജ എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ, ജനപ്രതിനിധികളുടെ അവലോകന യോഗത്തില്‍ തീരുമാനമായത്. 2019 ഫെബ്രുവരി 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ട ഗവേഷണ കേന്ദ്രം 8 മാസം കൊണ്ട് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുന്നതിനാണു ലക്ഷ്യമിട്ടത്. എന്നാല്‍ കോവിഡ് പ്രതിസന്ധിയും ആദ്യ ടെന്‍ഡര്‍ ഏറ്റെടുത്ത കമ്പനിയുടെ പിന്‍മാറ്റവും നിര്‍മാണ പ്രവര്‍ത്തനം നീണ്ടുപോകാന്‍ കാരണമായി.

റീ ടെന്‍ഡര്‍ നടപടികള്‍ അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് വകുപ്പുതല ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നത്. റവന്യു വകുപ്പ് ആയുഷ് വകുപ്പിന് കൈമാറിയ 36 ഏക്കര്‍ സ്ഥലത്ത് ഒന്നാം ഘട്ടത്തില്‍ 100 കിടക്കകളുള്ള ആശുപത്രി, ആധുനിക ലബോറട്ടറി, ആയുര്‍വേദ മ്യൂസിയം, പഴയകാല താളിയോല ഗ്രന്ഥങ്ങളെ പഠനവിധേയമാക്കി പഠനത്തിനു സഹായിക്കുന്ന മാനുസ്‌ക്രിപ്റ്റ് റീഡിങ് സെന്റര്‍ എന്നിവ സ്ഥാപിക്കും. രണ്ടാം ഘട്ട ഭൂമി ഏറ്റെടുക്കലിന് 80 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായി.

ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രണ്ടും മൂന്നും ഘട്ടങ്ങളുടെ തുടര്‍ പ്രവര്‍ത്തനങ്ങളും നടക്കും. 311കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഗവേഷണ കേന്ദ്രം യാഥാര്‍ഥ്യമാകുന്നതോടെ ഏഷ്യയിലെ ഏറ്റവും വലിയ ആയുര്‍വേദ ഗവേഷണ കേന്ദ്രമായി ഇതു മാറും. ആയുര്‍വേദ ടൂറിസത്തിന്റെ സാധ്യതയും ഉപയോഗപ്പെടുത്തും. പ്രാദേശികതലത്തിലുള്ള തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനും പദ്ധതി സഹായകരമാകും.

 

Related Articles

Back to top button