IndiaLatestTravel

സിനിമാടൂറിസം ആരംഭിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

“Manju”

കോഴിക്കോട്: സിനിമാടൂറിസം കേരളത്തില്‍ ആരംഭിക്കുമെന്ന് മന്ത്രി പി.എ.
മുഹമ്മദ് റിയാസ്.സിനിമകള്‍ ചിത്രീകരിച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സിനിമയിലെ ശ്രദ്ധേയമായ സ്ഥലങ്ങളിലേക്കും സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് പദ്ധതി.
സിനിമാ ഓര്‍മകള്‍ക്ക് നിറം പകരുന്നതാണ് പുതിയ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.
കാലം എത്ര കഴിഞ്ഞാലും മനസില്‍ നിന്നും മാഞ്ഞ് പോവാത്ത ചില സിനിമാ ഫ്രെയിമുകളുണ്ട്. നമ്മളെ ഏറെ സ്വാധീനിച്ച ചില സിനിമാ രംഗങ്ങള്‍. നമ്മുടെ ഇത്തരം സിനിമാ ഗൃഹാതുര ഓര്‍മകള്‍ക്ക് നിറം പകരുന്ന പുതിയ പദ്ധതിയാണ് ടൂറിസം വകുപ്പ് ആരംഭിക്കാന്‍ ഒരുങ്ങുന്നത്.
കിരീടം സിനിമയില്‍ മോഹന്‍ലാലിന്‍റെ വികാര നിര്‍ഭരമായ രംഗങ്ങള്‍ ചിത്രീകരിച്ച പാലം, ബോംബെ സിനിമയില്‍ ‘ഉയിരെ…’ എന്ന ഗാനം ചിത്രീകരിച്ച ബേക്കല്‍ കോട്ട തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ ഒരുവട്ടമെങ്കിലും എത്താന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് പദ്ധതി. സാംസ്‌കാരിക വകുപ്പും ടൂറിസം വകുപ്പും സംയുക്തമായാണ് പദ്ധതി ഒരുക്കുന്നത്.
സിനിമാ താരങ്ങളെ കൂടി ഉള്‍പ്പെടുത്തി സിനിമാടൂറിസം പദ്ധതി മികവുറ്റതാക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ പ്രമുഖരുമായി ചര്‍ച്ച നടത്തും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി നടത്തിയ ചര്‍ച്ചയില്‍ ഇരു വകുപ്പുകളും ചേര്‍ന്ന് ഉടന്‍ തന്നെ സിനിമാടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ തീരുമാനിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ സിനിമാ ലൊക്കേഷനുകളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയിക്കാനും മന്ത്രി അഭ്യര്‍ഥിച്ചിട്ടുണ്ട്.
സിനിമകളില്‍ ഉള്‍പ്പെട്ടതുവഴി പ്രചാരം നേടിയ നിരവധി കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്. മോഹന്‍ലാലിന്‍റെ കിരീടം സിനിമ ചിത്രീകരിച്ചതു വഴി ഏറെ പ്രസിദ്ധമായ പാലമാണ് തിരുവനന്തപുരം നേമത്തെ പാലം. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനായിരുന്നു ഇവിടം. അന്നുമുതല്‍ ഈ പാലത്തെ കിരീടം പാലം, തിലകന്‍ പാലം എന്നൊക്കെ പ്രദേശവാസികള്‍ വിളിക്കാറുണ്ട്.
സമീപകാലത്ത് ഏറെ ശ്രദ്ധനേടിയ മറ്റൊരു സിനിമ ലൊക്കേഷനാണ് ആലുവയിലെ ‘പ്രേമം പാലം’. ആലുവ തോട്ടക്കാട്ടുകര ഭാഗത്തെ അക്വഡേറ്റ് പാലം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ പ്രധാന ലൊക്കേഷനുകളിലൊന്നായിരുന്നു. ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ പത്തനംതിട്ടയിലെ ഗവി, ദുല്‍ഖര്‍ സല്‍മാന്‍റെ ചാര്‍ലി എന്ന ചിത്രത്തിലൂടെ മീശപ്പുലിമല, കുമ്ബളങ്ങി നൈറ്റ്സിലൂടെ എറണാകുളത്തെ കുമ്ബളങ്ങി തുടങ്ങിയ ലൊക്കേഷനുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

Related Articles

Back to top button