LatestThiruvananthapuram

ഒളിമ്പിക്‌സ് മെഡലുകളുടെ എണ്ണം കൂട്ടണം; മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം : കേരളത്തില്‍ നിന്നുള്ള ഒളമ്പിക്‌സ് മെഡലുകളുടെ എണ്ണം കൂട്ടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ജി വി രാജ പുരസ്‌കാരം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് പി ആര്‍ ശ്രീജേഷിന് മുഖ്യമന്ത്രി പാരിതോഷികവും കൈമാറി. കേരളത്തില്‍ നിന്നും ഇക്കുറി ഒരാള്‍ക്ക് മാത്രമാണ് ഒളിമ്പിക്‌സ് മെഡല്‍ നേടാന്‍ ആയത്. മെഡലുകളുടെ എണ്ണം കൂട്ടണം. കായിക രംഗത്ത് നിന്നും വിരമിച്ചാലും താരങ്ങളുടെ സേവനം ആവശ്യമാണ്. എങ്കിലേ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കൂവെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

പരിപാടിയില്‍ അന്തര്‍ദേശീയ കായിക താരങ്ങളായ കുഞ്ഞുമുഹമ്മദ്, മയൂഖ ജോണി എന്നിവര്‍ക്കുള്ള ജിവി രാജ അവാര്‍ഡും മുഖ്യമന്ത്രി സമ്മാനിച്ചു. ഒളിമ്പ്യന്‍ സുരേഷ് ബാബു മെമ്മോറിയില്‍ അവാര്‍ഡ് ബോക്സിംഗ് പരിശീലകന്‍ ചന്ദ്രലാലിന് നല്‍കി. ബാസ്‌ക്കറ്റ് ബോള്‍ താരം പിഎസ് ജീനയും മുഖ്യമന്ത്രിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.

മികച്ച കായിക നേട്ടം കൈവരിച്ച സ്‌കൂളായ മാത്തൂര്‍ സിഎഫ്ഡിഎച്ച്‌എസിനും പുരസ്‌കാരം ലഭിച്ചു. നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളിലായിരുന്നു പുരസ്‌കാര പരിപാടി സംഘടിപ്പിച്ചത്. മന്ത്രിമാരും കായിക താരങ്ങളുമടക്കം നിരവധി പേര്‍ പുരസ്‌കാര വേദിയില്‍ സന്നിഹിതരായിരുന്നു.

Related Articles

Back to top button