KeralaLatest

ഓടിക്കൊണ്ടിരിക്കെ പാചകവാതക ടാങ്കറിനു തീപിടിച്ചു

“Manju”

വാളയാര്‍ : ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കെ പാചക വാതക ടാങ്കറിന്റെ കാബിനുള്ളില്‍ തീ പിടിച്ചു. ടാങ്കര്‍ ജീവനക്കാരുടെയും കഞ്ചിക്കോട്ടെ പ്രദേശവാസികളുടെയും സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി . പ്രദേശത്തെ ചാറ്റല്‍ മഴയും അപകട തീവ്രത കുറയാന്‍ കാരണമായി. ഇന്നലെ രാത്രി 11നാണു നാടിനെ മുഴുവന്‍ നടുക്കിയ അപകടം. കഞ്ചിക്കോട്ടെ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ബോട്ട്ലിങ് പ്ലാന്റില്‍ ലോഡ് ഇറക്കിയ ശേഷം ബെംഗളൂരുവിലേക്കു പോയ ടാങ്കറിലാണ് കഞ്ചിക്കോട് കുരുങ്ങുത്തോടു പാലത്തിനു സമീപം തീപിടിച്ചത്. കാബിനിന്റെ മുന്‍വശത്തു പുകയും തീയും ഉയരുന്നതു കണ്ടു ജീവനക്കാര്‍ ഇറങ്ങിയോടി.

സമീപവാസികളായ അഗ്നിരക്ഷാസേനയിലെ സിവില്‍ ഡിഫന്‍സ് ഡപ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ സന്തോഷും സിവില്‍ ഡിഫന്‍സ് അംഗം എം. സുജിത്തും സ്ഥലത്തെത്തി. ഇതിനിടെ സമീപത്തെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ തീയണയ്ക്കാനുള്ള ഉപകരണങ്ങളും സ്ഥലത്തെത്തിച്ചു. സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ വിവരം നല്‍കിയ ഉടനെ ഗ്രേഡ് എഎസ്ടിഒ ജി. മധുവിന്റെ നേതൃത്വത്തിലുള്ള കഞ്ചിക്കോട് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഈ സംഘം ഉടന്‍ തന്നെ വെള്ളവും ഫോമും ഉപയോഗിച്ചു തീയണച്ചു.

ടാങ്കറിന്റെ അടിത്തട്ട് പൂര്‍ണമായും കാബിനും ടയറുകളും ഭാഗികമായും കത്തിനശിച്ചു. ലോഡ് ഇറക്കിയതാണെങ്കിലും ടാങ്കറില്‍ ശേഷിക്കുന്ന പാചകവാതകം വലിയ പൊട്ടിത്തെറിക്കു സാധ്യതയുള്ളതാണെന്നും വാഹന ജീവനക്കാര്‍ പറഞ്ഞു. ടാങ്കറിലേക്കു തീ പടര്‍ന്നിരുന്നെങ്കില്‍ പൊട്ടിത്തെറിച്ചു വലിയ ദുരന്തത്തിനു വഴിയൊരുങ്ങുമായിരുന്നെന്ന് അഗ്നിരക്ഷാസേനാംഗങ്ങളും പറഞ്ഞു. എന്‍ജിനിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അഗ്നിബാധയ്ക്കു കാരണമെന്ന് അഗ്നിരക്ഷാസേന പറഞ്ഞു. അപകടത്തെ തുടര്‍ന്നു ദേശീയപാതയില്‍ അര മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. തീയണച്ച ശേഷം ടാങ്കര്‍ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Related Articles

Back to top button