KeralaLatest

കേരളത്തിലെ വലിയ കോവിഡ് സെന്റർ നിര്‍ത്തുന്നു

“Manju”

തേഞ്ഞിപ്പലം: കേരളത്തിലെ ഏറ്റവും വലിയ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നു. കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ വനിതാ ഹോസ്റ്റല്‍ കെട്ടിടമാണ് ആരോഗ്യ വകുപ്പ് തിരികെ നല്‍കുന്നത്. ഒരു വര്‍ഷത്തിലേറെയായി ഇവിടെ കോവിഡ് ചികിത്സ പ്രാഥമിക കേന്ദ്രമായിരുന്നു. 12000ത്തോളം പേര്‍ ഇതിനോടകം ഇവിടെ ചികിത്സ തേടിയിട്ടുണ്ട്.
കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങുന്നവരില്‍ കോവിഡ് പോസിറ്റിവ് ആയവര്‍ ഭൂരിഭാഗവും ചികിത്സ തേടിയത് ഇവിടെയാണ്. ഓക്സിജന്‍ കിടക്കകളടക്കം മൂന്ന് കെട്ടിടങ്ങളിലായി 1300ഓളം പേര്‍ക്ക് വരെ ഒരേസമയം ഇവിടെ ചികിത്സ സൗകര്യം ഉണ്ടായിരുന്നു.
കോവിഡിന്റെ മൂര്‍ധന്യാവസ്ഥയില്‍ ഒരുദിവസം മുന്നൂറിലധികം പേര്‍ വരെ പ്രവേശിക്കപ്പെട്ട ദിവസങ്ങള്‍ ഉണ്ട്. ആരോഗ്യ വകുപ്പ് ഏറ്റെടുത്ത മൂന്ന് കെട്ടിടങ്ങളില്‍ രണ്ടെണ്ണം നേരത്തേ സര്‍വകലാശാലക്ക് കൈമാറിയിരുന്നു. അവശേഷിച്ച എവറസ്റ്റ് ബ്ലോക്കാണ് ഇപ്പോള്‍ പൂര്‍ണമായും സര്‍വകലാശാലക്ക് വിട്ടുനല്‍കുന്നത്. തേഞ്ഞിപ്പലം, പള്ളിക്കല്‍, ചേലേമ്പ്രഎന്നിവിടങ്ങളിലെ മെഡിക്കല്‍ ഓഫിസര്‍മാര്‍, നഴ്‌സുമാര്‍, തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ട്രോമാകെയര്‍ വോളണ്ടിയര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ഡാറ്റ എന്‍ട്രി ഓപറേറ്റര്‍മാര്‍ എന്നിങ്ങനെ നിരവധി പേരാണ് ഇവിടെ സേവനം അനുഷ്ഠിച്ചിരുന്നത്. പള്ളിക്കല്‍ പഞ്ചായത്ത് കുടുംബശ്രീ പ്രവര്‍ത്തകരാണ് രോഗികള്‍ക്ക് വേണ്ട ഭക്ഷണം എത്തിച്ചു നല്‍കിയിരുന്നത്.

Related Articles

Back to top button