LatestThiruvananthapuram

ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത പാലിക്കണം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും (ഒക്ടോബര്‍ 16) നാളെയും (ഒക്ടോബര്‍ 17) ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിര്‍ദേശങ്ങള്‍

ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും, ചില്ലകള്‍ ഒടിഞ്ഞുവീണും അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടില്ല. മരച്ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.

വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങള്‍ പൊതു ഇടങ്ങളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ അറിയിക്കണം.

ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, വൈദ്യുതപോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവ കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയില്‍ ബലപ്പെടുത്തുകയോ, അഴിച്ചു വെക്കുകയോ ചെയ്യണം. മഴയും കാറ്റുമുള്ളപ്പോള്‍ ഇവയുടെ ചുവട്ടിലോ, സമീപത്തോ നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടില്ല.

ചുമരില്‍ ചാരി വെച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റില്‍ വീണുപോകാന്‍ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച്‌ കെട്ടി വെക്കണം.

കാറ്റ് വീശി തുടങ്ങുമ്പോള്‍ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടണം. ജനലുകളുടെയും വാതിലുകളുടെയും സമീപത്തും വീടിന്റെ ടെറസിലും നില്‍ക്കരുത്.

ഓല മേഞ്ഞതും ഷീറ്റ് പാകിയതും അടച്ചുറപ്പില്ലാത്തതുമായ വീടുകളില്‍ താമസിക്കുന്നവര്‍ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം. മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളില്‍ അധികൃതര്‍ ആവശ്യപ്പെടുമ്പോള്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കണം.

തദ്ദേശസ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടവരെ, ആവശ്യമുള്ള ഘട്ടങ്ങളില്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച്‌ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുന്‍കൈ എടുക്കണം.

കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടി വീണുണ്ടാകുന്ന അപകടം ശ്രദ്ധയില്‍ പെട്ടാല്‍ കെ.എസ്..ബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണം. തകരാര്‍ പരിഹരിക്കുന്ന പ്രവര്‍ത്തികള്‍ കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തണം. കെ.എസ്..ബി ജീവനക്കാരുമായി പൊതുജനങ്ങള്‍ ക്ഷമയോടെ സഹകരിക്കണം. പൊതുജനങ്ങള്‍ നേരിട്ടിറങ്ങി ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യരുത്.

പത്രം, പാല്‍ വിതരണക്കാരും അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവരും വഴികളിലെ വെള്ളക്കെട്ടുകളില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. അപകടം സംശയിക്കുന്നപക്ഷം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച്‌ അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.

കൃഷിയിടങ്ങളില്‍ കൂടി കടന്ന് പോകുന്ന വൈദ്യുതിലൈനുകള്‍ സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്‍പ് ഉറപ്പാക്കണം.

നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ ജോലി നിര്‍ത്തി വെച്ച്‌ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണം.

ശക്തമായ കാറ്റിനെ നേരിടാനുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് https://sdma.kerala.gov.in/windwarning/ എന്ന ലിങ്കില്‍ ലഭിക്കും.

Related Articles

Back to top button