IndiaLatest

ബംഗാളിലും അസമിലും കൊവിഡ് കേസുകള്‍ കൂടുന്നു

“Manju”

ദില്ലി: ബംഗാളിലും അസമിലും മൂന്നാം തരംഗത്തിന്റെ സൂചന നല്‍കി കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ടിപിആര്‍ നിരക്ക് വര്‍ധിച്ചതും ടെസ്റ്റില്‍ കുറവ് വന്നതുമാണ് കേന്ദ്ര സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമായി പാലിക്കാനാണ് കേന്ദ്രം ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ ഇരുപത് മുതല്‍ രണ്ട് സംസ്ഥാനങ്ങളിലും കേസുകള്‍ വര്‍ധിച്ച്‌ വരികയാണ്. കഴിഞ്ഞ നാലാഴ്ച്ചയായി കൊവിഡ് കേസുകള്‍ വര്‍ധിച്ച്‌ വരുന്ന പ്രവണതയാണ് ബംഗാളിലും അസമിലും പ്രകടമാവുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി അര്‍തി അഹൂജ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
ഒക്ടോബര്‍ 22ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണും ബംഗാളിന് കത്തയച്ചിരുന്നു. കൊല്‍ക്കത്തയില്‍ ദുര്‍ഗ പൂജ ആഘോഷങ്ങള്‍ക്ക് ശേഷം കൊവിഡ് കേസുകള്‍ വര്‍ധിച്ച്‌ വരുന്നതാണ് കേന്ദ്രത്തെ ആശങ്കപ്പെടുത്തിയിരുന്നത്. വാരാദ്യ കേസുകളില്‍ 41 ശതമാനത്തിന്റെ വര്‍ധനവാണ് അസമില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ നാലാഴ്ച്ചയായി 1.89 എന്ന ടിപിപിആര്‍ നിരക്കില്‍ നിന്ന് 2.22 ശതമാനമായി കൂടിയിരിക്കുകയാണ്. നാലാഴ്ച്ചയായി അസമിലെ സാഹചര്യങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. സെപ്റ്റംബര്‍ ഒന്നരലക്ഷത്തില്‍ അധികം ടെസ്റ്റുകള്‍ അസമില്‍ നടത്തിയിരുന്നു.

അതേസമയം ഒക്ടോബര്‍ മാസത്തില്‍ നാല്‍പ്പതിനായിരത്തോളം ടെസ്റ്റുകളാണ് കുറവ് വന്നത്. അസമിലെ കേസുകള്‍ കൂടുതലായി കണ്ടെത്തണമെങ്കില്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കണം. വേഗത്തില്‍ കണ്ടെത്തണമെങ്കില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു. അസമിലെ ബര്‍പേട്ട, കാംരൂപ് മെട്രോ എന്നീ ജില്ലകളില്‍ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് ഉള്ളത്. ഇവിടെ കൊവിഡ് കേസുകള്‍ വളരെ കൂടുതലാണ്. പശ്ചിമ ബംഗാളില്‍ കൊല്‍ക്കത്തയും ഹൗറയുമാണ് ആശങ്കപ്പെടുത്തുന്ന ജില്ലകളാണ്. ഏറ്റവുമധികം കേസുകളും ടിപിആറും ഈ രണ്ട് ജില്ലകളിലാണ്.

അസമില്‍ ഒക്ടോബര്‍ 13-19 ദിവസങ്ങളില്‍ 4277 കേസായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. 20-26 ദിവസങ്ങളില്‍ ഇത് 6040 ആയി ഉയര്‍ന്നു. ബംഗാളിലും ടെസ്റ്റുകളില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബറില്‍ രണ്ടരലക്ഷത്തിന് മുകളില്‍ ടെസ്റ്റുകള്‍ ബംഗാള്‍ നടത്തിയിരുന്നു. കൊവിഡ് പ്രതിരോധ കാര്യങ്ങള്‍, പ്രത്യേകിച്ച്‌ ടെസ്റ്റിംഗും ചികിത്സയും അടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി പാലിക്കാത്ത ഇടങ്ങളിലാണ് വര്‍ധിക്കുന്നത്. കൃത്യമായ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ച്‌ അവ കൃത്യമായി നിരീക്ഷിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. വീടുവീടാന്തരം കൊവിഡ് ടെസ്റ്റുകള്‍ നടത്തണം. ഇത് കണ്ടെയിന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ചാവണം. ജില്ലാ തലം കേന്ദ്രീകരിച്ചുള്ള മരണങ്ങളുടെ വിശദവിവരങ്ങളും തയ്യാറാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button