KeralaKozhikodeLatest

തലച്ചോര്‍ എങ്ങനെ ഓര്‍മകളെ രൂപപ്പെടുത്തുന്നു..? ഉത്തരവുമായി മലയാളി ഗവേഷകര്‍

“Manju”

കോഴിക്കോട്: സമൂഹവുമായുള്ള മനുഷ്യന്റെ ഇടപെടല്‍ നിയന്ത്രിക്കുന്ന മസ്തിഷ്‌ക-രാസസംവേദന സംവിധാനം കണ്ടെത്തി മലയാളി ഗവേഷകര്‍.
നമ്മുടെ തലച്ചോറിന്റെ ഘടന അനുസരിച്ച്‌ അതിന്റെ ഓരോ ഇടവും ഓര്‍മയുടെ വിവിധതലങ്ങളെ രേഖപ്പെടുത്തി സൂക്ഷിക്കുന്നുണ്ട്. ഇതില്‍ പ്രധാന പങ്കു വഹിക്കുന്നത് ഹിപ്പോകാംപസ് (hippocampus) ആണ്. എന്ത്, എപ്പോള്‍, എങ്ങനെ എന്നിങ്ങനെ-നമ്മുടെ ജീവിതത്തിന്റെ കഥ ജീവശാസ്ത്രഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് ഓര്‍മകളായി സൂക്ഷിക്കുന്നത് മസ്തിഷ്കത്തിന്റെ ഈ ഭാഗമാണ്. ഹിപ്പോകാംപസിന്റെ പ്രവര്‍ത്തനം ഏറെക്കുറെ അറിയാമെങ്കിലും, അതില്‍ ‘സിഎ2’ (CA2) എന്നൊരു ചെറിയ ഉപമേഖല ശാസ്ത്രത്തിന് പിടികൊടുക്കാതെ നിഗൂഢമായി തുടര്‍ന്നു.
നമ്മുടെ സാമൂഹികമായ അനുഭവങ്ങള്‍ മസ്തിഷ്‌കം രേഖപ്പെടുത്തി സൂക്ഷിക്കുന്നതാണ് ‘സോഷ്യല്‍ മെമ്മറി’ (social memory) ക്ക് അടിസ്ഥാനം. ഇതുസംബന്ധിച്ച വിവരവിശകലനം നിയന്ത്രിക്കുന്നത ഉപമേഖലയാണ് ‘സിഎ2’. ആ ഉപമേഖലയില്‍, ഓര്‍മകള്‍ ശേഖരിക്കാന്‍ ന്യൂറോട്രാന്‍സ്മിറ്ററായ ‘അസെറ്റൈല്‍ക്കോളിനി’ന്റെ (acetylcholine) സഹായത്തോടെ ഒരു നൂതന സംവിധാനം പ്രവര്‍ത്തിക്കുന്നത് കണ്ടെത്തുകയാണ് ഗവേഷകര്‍ ചെയ്തത്.
നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിങ്കപ്പൂരിന് കീഴില്‍, സ്‌കൂള്‍ ഓഫ് മെഡിസിനിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.സജികുമാര്‍ ശ്രീധരന്റെ മേല്‍നോട്ടത്തില്‍, ഗവേഷക വിദ്യാര്‍ഥിയായ അമൃത ബിനോയ് ആണ് പഠനം നടത്തിയത്. അമൃതയുടെ ഡോക്ടറല്‍ ഗവേഷണത്തിന്റെ ഭാഗമായ ഈ പഠനത്തിന്റെ റിപ്പോര്‍ട്ട്, അമേരിക്കയില്‍ നിന്നുള്ള ‘ജേര്‍ണല്‍ ഓഫ് ന്യൂറോസയന്‍സി’ല്‍ പ്രസിദ്ധീകരിച്ചു.
തലച്ചോറിലെ ചെറിയൊരു ഭാഗമാണ് ‘സിഎ2’ എങ്കിലും, അതെങ്ങനെ ഓര്‍മകള്‍ രൂപപ്പെടുത്തുന്നു എന്നതിനെ പറ്റിയാണ് ഡോ.സജികുമാറും അമൃതയും പഠിച്ചത്. അതിന്റെ ഭാഗമായിട്ടായിരുന്നു പുതിയ കണ്ടെത്തല്‍.
കൊച്ചി സ്വദേശിയായ അമൃത ബിനോയ്, കല്‍ക്കത്ത സര്‍വ്വകലാശാലയിലെ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ ബിരുദാനന്തരബിരുദം നേടിയ ശേഷം സിങ്കപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഈ വര്‍ഷം ഡോക്ടറല്‍ പഠനം പൂര്‍ത്തിയാക്കി. കേരള ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ബിനോയ് തോമസിന്റെയും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥയായ മിനി മാത്യുവിന്റെയും മകളാണ്. ഭര്‍ത്താവ് കോട്ടയം സ്വദേശി നോബിള്‍ ടോമി പടിയറ.
ഓര്‍മയുടെ തന്മാത്രാശാസ്ത്രവുമായി ബന്ധപ്പെട്ട് രണ്ടു പതിറ്റാണ്ടായി പഠനരംഗത്തുള്ള ശാസ്ത്രജ്ഞനാണ് ഡോ.സജികുമാര്‍. ഹരിപ്പാട് ചിങ്ങോലി സൗപര്‍ണ്ണികയില്‍ കെ.ശ്രീധരന്റെയും പരേതയായ സരസമ്മയുടെയും മകനാണ്. പാലക്കാട് ചിതലി നവക്കോട് സ്വദേശിയും സിങ്കപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ ന്യൂറോസയന്റിസ്റ്റുമായ ഡോ. ഷീജ നവക്കോട് ആണ് ഭാര്യ.

Related Articles

Back to top button