IndiaLatest

ക്രിമിനല്‍ നിയമ പരിഷ്ക്കാരങ്ങള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

“Manju”

ന്യൂഡല്‍ഹി: കൊളോണിയല്‍ കാലത്തെ ക്രിമിനല്‍ നിയമങ്ങള്‍ മാറ്റിക്കൊണ്ടുള്ള മൂന്നു ബില്ലുകള്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ അംഗീകാരം. ലോക്‌സഭ പാസാക്കിയ 1860 ലെ ഇന്ത്യന്‍ പീനല്‍ കോഡ്‌, 1898 ലെ ക്രിമിനല്‍ നടപടിച്ചട്ടം, 1872ലെ ഇന്ത്യന്‍ തെളിവ്‌ നിയമം എന്നിവയ്‌ക്കു പകരമായുള്ള ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക്‌ സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യ ബില്‍ എന്നിവയ്ക്കാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. ഒപ്പം പോസ്റ്റ് ഓഫീസ് ബില്ലിനും ടെലികോം ബില്ലിനും അനുമതി.
പ്രതിപക്ഷ നിരയിലെ ഭൂരിപക്ഷം എം.പിമാരും സസ്‌പെന്‍ഷനിലൂടെ പുറത്തായതിനാല്‍ അവരുടെ അഭാവത്തിലാണു ക്രിമിനല്‍ നിയമങ്ങള്‍ മാറ്റിക്കൊണ്ടുള്ള മൂന്നു സുപ്രധാനബില്ലുകള്‍ ലോക്‌സഭ പാസാക്കിയത്‌. മൂന്ന്‌ ബില്ലുകളും ഇന്ത്യന്‍ ചിന്താഗതി അടിസ്‌ഥാനമാക്കി നീതിന്യായ വ്യവസ്‌ഥ സ്‌ഥാപിക്കുമെന്നും കൊളോണിയല്‍ പ്രതീകങ്ങളില്‍നിന്നും ചിഹ്നങ്ങളില്‍നിന്നും നിര്‍ദിഷ്‌ട ക്രിമിനല്‍ നിയമങ്ങള്‍ ആളുകളെ മോചിപ്പിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ പറഞ്ഞു.
ഉപയോക്‌താവിന്റെ അനുമതി തേടാതെ വാണിജ്യ സന്ദേശങ്ങള്‍ അയച്ചാല്‍ ടെലികോം കമ്ബനിക്കു പിഴ മുതല്‍ വിലക്കുവരെ വ്യവസ്‌ഥ ചെയ്യുന്നതാണു പുതിയ ടെലികോം ബില്‍. ആദ്യ ലംഘനത്തിന്‌ 50,000 രൂപയും പിന്നീടുള്ള ഓരോ തവണയും 2 ലക്ഷം രൂപ വീതവുമായിരിക്കും പിഴ. രാജ്യസുരക്ഷയ്‌ക്കു വെല്ലുവിളിയുണ്ടാകുന്ന സാഹചര്യങ്ങളില്‍ വ്യക്‌തികളുടെ സന്ദേശങ്ങള്‍ നിരീക്ഷിക്കാനും വിലക്കാനും സര്‍ക്കാരിനു കമ്ബനികള്‍ക്കു നിര്‍ദേശം നല്‍കാം.

Related Articles

Back to top button