IdukkiKeralaLatest

മലയോരമേഖലയില്‍ ഉത്തരേന്ത്യക്കാരുടെ കുടിയേറ്റം.

“Manju”

ആലക്കോട് : കുടിയേറ്റ ജനത ആധിപത്യമുറപ്പിച്ച മലയോരമേഖലയില്‍ ഉത്തരേന്ത്യക്കാരുടെ കുടിയേറ്റം. നിര്‍മ്മാണ മേഖല മുതല്‍ ഹോട്ടലുകളിലും ബാര്‍ബര്‍ഷോപ്പുകളിലും വരെ ഇവരുടെ സമഗ്രാധിപത്യം വന്നതോടെ തദ്ദേശവാസികളായ ചെറുപ്പക്കാര്‍ തൊഴില്‍ തേടി അന്യനാടുകളിലേയ്ക്ക് ചേക്കേറുകയാണ്.
ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്കാവശ്യമായ തരം ചെരിപ്പുകള്‍, വസ്ത്രങ്ങള്‍, ഭക്ഷണങ്ങള്‍ എന്നിവയൊക്കെ ലഭ്യമാക്കുന്ന തരത്തിലാണ് കച്ചവടസ്ഥാപനങ്ങളുടെയും മാറ്റം. ഹോട്ടലുകളില്‍ ജോലിചെയ്യുന്നവരില്‍ പകുതിയും ഉത്തരേന്ത്യക്കാരായതോടെ ഹോട്ടല്‍ ഭക്ഷണത്തിന്റെ മെനു തന്നെ മാറി. ബാര്‍ബര്‍ ഷോപ്പുകള്‍ പരിഷ്‌കരിച്ച്‌ ബ്യൂട്ടി ഷോപ്പുകളായപ്പോള്‍ അവിടെയും ബംഗാളിയാണ് താരം. ബസ് യാത്രക്കാരില്‍ പകുതിയും ഭായിമാരായതോടെ ബസ് കണ്ടക്ടര്‍മാരും ഹിന്ദി പഠിച്ചു തുടങ്ങി.
ആദ്യകാലങ്ങളില്‍ തൊഴില്‍ തേടിയെത്തിയ കുറേയാളുകളെങ്കിലും ഇവിടെ സ്ഥിരതാമസമാക്കിയിട്ടുണ്ട്. ആലക്കോട് ടൗണില്‍ പാന്‍മസാല വില്‍ക്കുന്ന ലക്ഷ്മണന്‍ (31),ജേഷ്ഠന്‍ റാംജിത്ത് (35) എന്നിവര്‍ 16 വര്‍ഷമായി ഈ നാടിന്റെ ഭാഗമാണ്. ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലെ ഔറംഗബാദ് ജില്ലയില്‍ നിന്നുള്ളവരായ ഇവര്‍ കുടുംബസമേതം ആലക്കോട് താമസിക്കുന്നുണ്ട്. റാംജിത്തിന്റെ മൂന്നു മക്കളും ഇവിടത്തെ സ്‌കൂളില്‍ ചേര്‍ന്ന് മലയാളം പഠിക്കുന്നു. മൊബൈല്‍ ഷോപ്പുകളില്‍ റീച്ചാര്‍ജ്ജിംഗിനും പാന്‍മസാല വില്‍ക്കുന്നയിടങ്ങളിലും ബാങ്കുകളുടെ സി. ഡി .എമ്മുകള്‍ക്ക് മുമ്ബില്‍ നാട്ടിലേയ്ക്ക് പണമയയ്ക്കുന്നതിനുവേണ്ടിയും ഇവരുടെ സംഘങ്ങളുണ്ടാകും. പല സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണെങ്കിലും പൊതുഭാഷ ഹിന്ദിയാണ് . ഭോജ്പുരിയും ഒറീസ്സയിലെ ഒറിയയും ബംഗാളിയും ആസാമീസും ഹിന്ദിയിലേക്ക് മാറുകയാണിവിടെ.

Related Articles

Back to top button