IndiaLatest

വാക്‌സിനേഷനിലും പരിശോധനയിലും യുപി മുന്നില്‍

“Manju”

ലക്‌നൗ: സംസ്ഥാനത്തെ കൊറോണ പ്രതിരോധ സംവിധാനങ്ങളേയും മുന്‍നിര പോരാളികളേയും അഭിനന്ദിച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊറോണ പ്രതിരോധ വാക്‌സിനേഷനിലും പരിശോധനാ നിരക്കിലും സംസ്ഥാനം രാജ്യത്ത് തന്നെ ഏറ്റവും മുന്നില്‍ വന്നത് എല്ലാവരുടേയും കൂട്ടായ പ്രയത്‌നത്തിന്റെ ഫലമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഡിവിഷണല്‍, ജില്ലാതല ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ കൊറോണ പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശ് ലോകത്തിന്റെ മുഴുവന്‍ പ്രശംസ നേടുന്നത് എല്ലാവരുടേയും ഒരുമിച്ചുള്ള പ്രയത്‌നത്തിന്റെ ഫലമായാണ്. കൊറോണ പരിശോധനയില്‍, വാക്‌സിനേഷനില്‍ എല്ലാം ഇന്ത്യയില്‍ തന്നെ ഏറ്റവും മുന്നിലാണ് ഉത്തര്‍പ്രദേശ്’ അദ്ദേഹം പറഞ്ഞു. നവംബര്‍ അവസാനത്തോടെ കൊറോണയുടെ ആദ്യ ഡോസ് വാക്‌സിനില്‍ 100 ശതമാനം എന്ന നേട്ടം കൈവരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

ഇതിനായി പ്രതിദിനം 25 മുതല്‍ 30 ലക്ഷം ഡോസ് വാക്‌സിന്‍ എങ്കിലും വിതരണം ചെയ്യണം. എല്ലാ ജില്ലകളിലും രാത്രി 10 മണി വരെയെങ്കിലും ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമാക്കണം. കഠിനമായ പ്രയത്‌നങ്ങളിലൂടെ മാത്രമേ നമുക്ക് ലക്ഷ്യം കൈവരിക്കാനാകൂ. വാക്‌സിനേഷന്‍ പ്രോഗ്രാമിനെ കുറിച്ച്‌ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ നേരിട്ട് വിലയിരുത്തണം. എംപിമാരുടേയും പൊതുപ്രവര്‍ത്തകരുടേയും സഹായസഹകരണങ്ങള്‍ ഇതിനായി ഉപയോഗിക്കണമെന്നും’ അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഗൗതം ബുധ് നഗര്‍, ഷാജഹാന്‍പൂര്‍, ഗാസിയാബാദ്, ലക്‌നൗ, ഝാന്‍സി എന്നീ ജില്ലകളില്‍ 75 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. ഫിറോസാബാദ്, ബല്ല്യ, മൊറാദാബാദ്, സംഭല്‍, രാംപൂര്‍, അലിഗര്‍, സോന്‍ഭദ്ര, അസംഗര്‍, ഫറൂഖാബാദ് എന്നീ ജില്ലകളില്‍ വാക്‌സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related Articles

Back to top button