IndiaLatest

ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന

“Manju”

ദില്ലിയില്‍ ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. നവംബര്‍ ആദ്യവാരം മാത്രം 1171 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത് എന്ന് ദില്ലി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട് എങ്കിലും രാജ്യ തലസ്ഥാനത്തെ ആശുപത്രികള്‍ രോഗികള്‍ക്ക് തികയാതെ വരുന്ന സാഹചര്യമാണ് ഉള്ളത്.

കഴിഞ്ഞ മൂന്നു വര്‍ഷം റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ വളരെ അധികമാണ് ഈ വര്‍ഷം ഇത് വരെയും റിപ്പോര്‍ട്ട് ചെയ്ത ഡെങ്ക്യു കേസുകളുടെ എണ്ണം. ഒക്ടോബര്‍ മാസത്തില്‍ 1196 പേര്‍ക്കും, സെപ്റ്റംബര്‍ മാസത്തില്‍ 217 പേര്‍ക്കും രാജ്യ തലസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഒക്ടോബര്‍ 30 വരെ 612 ഡെങ്കി കേസുകള്‍ മാത്രമാണ് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നത്.

ഡെങ്കിപ്പനി ബാധിച്ചവരില്‍ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തിനും ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സംഘം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ രോഗ വ്യാപനം നിരീക്ഷിക്കാന്‍ ദില്ലി ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ കേന്ദ്ര വിദഗ്ധ സംഘം പഠനം നടത്തുന്നുണ്ട്.

2017-ല്‍ ആകെ പത്ത് പേര്‍ മരിച്ചതാണ് ദില്ലിയില്‍ ഡെങ്കി പനി ബാധിച്ചു മരിച്ചവരുടെ എണ്ണത്തില്‍ ഇത് വരെയുള്ള ഉയര്‍ന്ന നിരക്ക്. എന്നാല്‍ കഴിഞ്ഞ ദിവസം മൂന്നു പേര്‍ കൂടി മരിച്ചതോടെ ഈ വര്‍ഷം ഇതുവരെ 9 പേരാണ് ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചത്. സമീപ സംസ്ഥാനമായ ഉത്തര്‍പ്രദേശിലും ഡെങ്ക്യു കേസുകള്‍ വര്‍ധിക്കുന്നുണ്ട്. പ്രതിദിനം 80 മുതല്‍ 100 രോഗികള്‍ വരെയാണ് ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നത്.

Related Articles

Back to top button