IndiaLatest

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, പഠനസമിതിയുടെ റിപ്പോര്‍ട്ട് ഇന്ന്

“Manju”

ഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംബന്ധിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി ഇന്ന് പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 2029 ല്‍ ഒറ്റത്തിരഞ്ഞെടുപ്പിന് ശുപാര്‍ശ ചെയ്യുന്നതാണ് റിപ്പോര്‍ട്ടെന്നാണ് സൂചന. ഒറ്റത്തിരഞ്ഞെടുപ്പ് നടത്തുന്നത് ചെലവ് കുറയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനാണ് റിപ്പോര്‍ട്ട് കൈമാറുക.

അതേസമയം, ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ പുതിയ വോട്ടിങ് മെഷീനുകള്‍ വാങ്ങാന്‍ ഓരോ പതിനഞ്ചു വര്‍ഷത്തേക്കും 10,000 കോടി രൂപ വേണ്ടിവരുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൂട്ടല്‍. ഇവിഎമ്മുകളുടെ പരമാവധി ആയുസ് പതിനഞ്ചു വര്‍ഷമാണെന്നും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ ഒരു സെറ്റ് മെഷീനുകള്‍ ഉപയോഗിച്ച് മൂന്നു തിരഞ്ഞെടുപ്പുകള്‍ വരെ നടത്താമെന്നും കേന്ദ്രസര്‍ക്കാരിന് അയച്ച കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞ കേന്ദ്ര നിയമകാര്യ കമ്മീഷന് നല്‍കിയ മറുപടിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ലോക്സഭയിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുമ്പോള്‍ ഒരു പോളിങ് സ്റ്റേഷനിലേക്ക് രണ്ട് സെറ്റ് ഇവിഎം മെഷീനുകള്‍ വേണ്ടിവരും. മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍, കേടായ യൂണിറ്റുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് നിശ്ചിത ശതമാനം കണ്‍ട്രോള്‍ യൂണിറ്റുകള്‍ (സിയു), ബാലറ്റ് യൂണിറ്റുകള്‍ (ബിയു), വോട്ടര്‍-വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപാറ്റ്) മെഷീനുകള്‍ എന്നിവ റിസര്‍വായി ആവശ്യമാണെന്നും കമ്മീഷന്‍ പറഞ്ഞിരുന്നു.

പുതിയ യന്ത്രങ്ങളുടെ ഉല്പ്പാദനം, വെയര്‍ഹൗസ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, മറ്റ് ലോജിസ്റ്റിക് പ്രശ്നങ്ങള്‍ എന്നിവ കണക്കിലെടുത്ത് 2029-ല്‍ മാത്രമേ ഒറ്റത്തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയൂ. ഒറ്റത്തിരഞ്ഞെടുപ്പ് നടപ്പിലാക്കാന്‍ ഭരണഘടനയുടെ അഞ്ച് അനുച്ഛേദങ്ങളില്‍ ഭേദഗതിവരുത്തണമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റിന്റെ കാലാവധി സംബന്ധിച്ച അനുച്ഛേദം 83, രാഷ്ട്രപതി ലോക്‌സഭ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം 85, സംസ്ഥാന നിയമസഭകളുടെ കാലാവധിയുമായി ബന്ധപ്പെട്ട അനുച്ഛേദം 172, സംസ്ഥാന നിയമസഭകള്‍ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം 174, സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം 356 എന്നിവയാണ് ഭേദഗതി വരുത്തേണ്ടത്.

Related Articles

Back to top button