InternationalLatest

വാക്‌സിന്‍ എടുത്തില്ലെങ്കില്‍ ജോലിയില്ല

“Manju”

ലണ്ടന്‍: കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ ഒരുങ്ങവേ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത് മതപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാന്‍ കൂട്ടാക്കാത്ത അദ്ധ്യാപകര്‍ ഉണ്ടെന്നാണ്.
എന്നാല്‍, ബ്രിട്ടനില്‍ ഈ മോഡല്‍ നടപ്പില്ല. അവിടെ വാക്‌സിന്‍ ഇല്ലെങ്കില്‍ ജോലിയില്ലെന്ന നയത്തിലേക്ക് കാര്യങ്ങള്‍ കടന്നു കഴിഞ്ഞു. വാക്സിന്‍ എടുക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ കെയറര്‍മാര്‍ അടക്കമുള്ളവര്‍ പുറത്തു പോകുകയാണ്
ബിര്‍മ്മിങ്ഹാമില്‍ ബോള്‍ഡ്മിയര്‍ കൗണ്ട് കെയര്‍ഹോം നടത്തുന്ന തെരേസ ഇന്‍ഗ്രാം ഇന്നലെ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു നോ വാക്സിനേഷന്‍ നോ ജോബ് നിയമത്തിനെതിരെ പ്രതികരിച്ചത്. നിയമം പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. അതിനുപിന്നാലെ, വാക്സിന്‍ എടുക്കാത്തതിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ട രണ്ട് കെയറര്‍മാരും ഇപ്പോള്‍ വികാരനിര്‍ഭരമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ക്രിസ്ത്മസ് ആകുന്നതോടെ നിരവധിപേരെ പട്ടിണിയിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍ ഈ നിയമം വഴി ചെയ്തതെന്നായിരുന്നു ഇന്നലെ തെരേസ ആരോപിച്ചത്. എന്നാല്‍ 23 കാരിയായ നിയാ ബ്രാഡ്ലി വിലപിക്കുന്നത് തനിക്കേറ്റവും ഇഷ്ടപ്പെട്ട ജോലി ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ചാണ്. പകരം താനിപ്പോള്‍ ചില്ലറവില്പന മേഖലയിലേക്ക് പോകേണ്ടിവരുന്നു എന്നുകൂടി അവര്‍ പറയുന്നു. തനിക്കേറ്റവും ഇഷ്ടപ്പെട്ട തൊഴില്‍ രംഗം വിടേണ്ടി വന്നത് ഹൃദയഭേദകമായ ഒരു അനുഭവമാണെന്നാണ് അവര്‍ പറയുന്നത്. ഇപ്പോള്‍ ജീവിത ചെലവുകള്‍ കണ്ടെത്താന്‍ ഒട്ടും ഇഷ്ടമില്ലാത്ത ചില്ലറ വില്പന മേഖലയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുകയാണെന്നും അവര്‍ വെളിപ്പെടുത്തി.
ഇന്നലെ 57,000 കെയര്‍ഹോം ജീവനക്കാര്‍ക്കാണ് വാക്സിന്‍ എടുക്കാത്തതിന്റെ പേരില്‍ ജോലി നഷ്ടമായത്. ഈ നിയമം തത്ക്കാലത്തേക്ക് മരവിപ്പിക്കണമെന്ന കെയര്‍ഹോം ഉടമകളുടെ ആവശ്യം നിരാകരിച്ചുകൊണ്ടായിരുന്നു സര്‍ക്കാര്‍ അത് നടപ്പിലാക്കിയത്. നിലവില്‍ ജീവനക്കാരുടെ അതിരൂക്ഷമായ ക്ഷാമം നേരിടുന്ന ഒരു മേഖലയില്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് തികഞ്ഞ വിഢിത്തമാണെന്നായിരുന്നു മറ്റൊരു ഹോമിലെ ജീവനക്കാരിയായ ബാഡ്ലി പറഞ്ഞത്. എല്ലാ അന്തേവാസികളും വാക്സിന്‍ എടുത്തവരാണ്. മാത്രമല്ല, ജീവനക്കാര്‍ നിത്യേന കോവിഡ് പരിശോധനക്ക് വിധേയരാകുന്നുമുണ്ട്. മാത്രമല്ല പി പി ഇ ധരിച്ചാണ് തൊഴിലെടുക്കുന്നതും.
അതേസമയം, പല കെയര്‍ഹോമുകളിലും ജീവനക്കാരുടെ ക്ഷാമം അതിരൂക്ഷമായി കൊണ്ടിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. നിലവിലുള്ള ജീവനക്കാര്‍ക്ക് അധികസമയം ജോലിചെയ്യേണ്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് അവരുടെ ശാരീരികാരോഗ്യത്തേയും മാനസികാരോഗ്യത്തേയും പ്രതികൂലമായി ബാധിക്കുന്നു എന്ന് ഹോം ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഹോമുകള്‍ നല്‍കുന്ന സേവനത്തിന്റെ ഗുണമേന്മയേയും വിപരീതമായി ബാധിക്കുമെന്ന് അവര്‍ പറയുന്നു.

Related Articles

Back to top button