IndiaLatest

തമിഴ്‌നാട്ടില്‍ കനത്ത മഴ

“Manju”

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുകയാണ്. ചെന്നൈ തീരത്തിനടുത്തായി നിലകൊള്ളുന്ന തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തിലാണ് മഴ കനത്തത്. അതി തീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ മഴയുടെ ശക്തി കൂടാനാണ് സാധ്യതയെന്നും കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിച്ചേക്കുമെന്നും അറിയിപ്പുണ്ട്.
ചെന്നൈ ഉള്‍പ്പെടെ അഞ്ച് ജില്ലകള്‍ക്കായിരുന്നു നേരത്തെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഇത് 8 ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു. ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളില്‍ പുറപ്പെടുവിച്ച റെഡ് അലര്‍ട്ട് കാലാവസ്ഥാകേന്ദ്രം പിന്‍വലിച്ചു. പകരം ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാഞ്ചീപുരം, ചെങ്കല്‍പേട്ട്, റാണിപ്പേട്ട്, തിരുവള്ളൂര്‍ ജില്ലകളിലും കനത്ത മഴയാണ്.

സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും കാവേരി ഡല്‍റ്റ മേഖലയിലെ ജില്ലകളിലും മഴ തുടരുന്നു. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടര്‍ന്ന് ചെന്നൈ നഗരത്തില്‍ ടി നഗര്‍, ഉസ്മാന്‍ റോഡ്, ജിവി ചെട്ടി റോഡ്, കില്‍പ്പോക്ക് തുടങ്ങിയ പ്രദേശങ്ങളില്‍ റോഡില്‍ വെള്ളം കയറി. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ശ്രമം തുടരുകയാണ്.

തീവ്രന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തിന്റെ ഫലമായി ആന്ധ്രയുടെ കിഴക്കന്‍ മേഖലയിലും ശക്തമായ മഴ തുടരുന്നു. നെല്ലൂര്‍, ചിറ്റൂര്‍, കഡപ്പ അടക്കം തീരമേഖലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തിരുപ്പതിയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. തിരുപ്പതിയിലേക്കുള്ള വിമാന സര്‍വീസും വഴിതിരിച്ചുവിട്ടു.

ചിറ്റൂരില്‍ സ്വര്‍ണമുഖി നദീ തീരത്തുള്ള നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റി. തിരുപ്പതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ രണ്ട് ദിവസത്തേക്ക് സ്‌കുളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button