IndiaLatest

തമിഴ്നാട്ടിൽ നിന്നും കേരളത്തില്‍ പ്ലസ് വണ്ണില്‍ ചേരാം

“Manju”

തിരുവനന്തപുരം: തമിഴ്നാട്ടില്‍ നിന്നും പത്താം ക്ലാസ് പാസായ കുട്ടികള്‍ക്കും കേരളത്തില്‍ ഇനി പ്ലസ് വണ്ണിന് ചേരാം. സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് കേരളത്തില്‍ പ്ലസ് വണ്‍ അലോട്മെന്റില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കുന്നത്. ഇത്തരത്തില്‍ തമിഴ്നാട്ടില്‍ നിന്നും അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ അലോട്മെന്റില്‍ ഉള്‍പ്പെടാന്‍ അവസരം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ പത്താം ക്ലാസ് പൊതു പരീക്ഷ ഒഴിവാക്കിയിരുന്നു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റില്‍ ഗ്രേഡോ മാര്‍ക്കോ ഇല്ലാതെ പത്താം ക്ലാസ് പരീക്ഷ പാസ്സായ സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണുണ്ടായത്. കേരളത്തില്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് പത്താം ക്ലാസിലെ പൊതുപരീക്ഷയില്‍ വിദ്യാര്‍ത്ഥി കരസ്ഥമാക്കിയ ഗ്രേഡ് / മാര്‍ക്ക് അടിസ്ഥാനമാക്കിയാണ്.
അതിനാല്‍ തമിഴ്നാട്ടില്‍ പത്താംതരം പാസായ വിദ്യാര്‍ഥികളെ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് പരിഗണിക്കാന്‍ സാധിച്ചില്ല. തങ്ങളെ പ്ലസ് വണ്‍ പ്രവേശനത്തിന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ സമീപിച്ചിരുന്നു. വിഷയം പരിശോധിക്കാന്‍ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് ഇവരെ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തത്.

Related Articles

Back to top button