കോഴിക്കോട്: താമരശേരിയില്‍ നിര്‍മ്മാണത്തിലിരുന്ന നോളജ് സിറ്റിയുടെ കെട്ടിടം തകര്‍ന്ന് വീണ് അപകടം. അപകടത്തില്‍ 15 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ പരിക്ക് സാരമുള്ളതാണ്. ഉച്ചയ്ക്ക് 12 ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ വാര്‍ക്ക ജോലികളാണ് ഇന്ന് നടന്നിരുന്നത്. ഇത് പൂര്‍ത്തിയാകും മുന്‍പ് മേല്‍ക്കൂര താഴേയ്ക്ക് പതിക്കുകയായിരുന്നു.
കോണ്‍ക്രീറ്റ് മിക്സിന്റെയും അടിയില്‍ കുടുങ്ങിയ തൊഴിലാളികളെ പ്രദേശവാസികളാണ് രക്ഷിച്ചത്. പൊലീസും ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തി.