KeralaLatestPalakkad

ഉള്‍വനത്തിലകപ്പെട്ട പൊലീസ് സംഘം തിരികെയെത്തി

“Manju”

പാലക്കാട്: മലമ്പുഴ ഉള്‍വനത്തിലകപ്പെട്ട പൊലീസ് സംഘം സുരക്ഷിതരായി തിരികെയെത്തി. ഉള്‍വനത്തിനകത്ത് കഞ്ചാവ് കൃഷി നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് കാട്ടില്‍ പരിശോധനയ്ക്കായി പോയത്. നാര്‍കോടിക്ക് സെല്‍ ഡി വൈ എസ് പി സി ഡി ശ്രീനിവാസ്, മലമ്പുഴ സി ഐ സുനില്‍ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 14 പേരുടെ സംഘമാണ് വഴിതെറ്റി വനത്തില്‍ കുടുങ്ങിയത്.

രഹസ്യമായി നടത്തിയ സാഹസിക യാത്രയ്‌ക്കൊടുവില്‍ ഇവര്‍ ഉള്‍വനത്തിലെത്തിയങ്കിലും മണിക്കൂറുകളോളം പരിശോധന നടത്തിയിട്ടും കഞ്ചാവ് കൃഷിയുടെ സൂചനകളൊന്നും ലഭിച്ചില്ല. തുടര്‍ന്ന് തിരികെ മടങ്ങുന്നതിടെ വഴിതെറ്റി ചെങ്കുത്തായ സ്ഥലത്ത് എത്തിയതോടെ സംഘത്തിന് മുന്നോട്ടുപോകാനാവാതെയായി. വന്ന വഴിയിലൂടെ തിരിച്ചു കുന്നുകയറുന്നതിനിടെ, നേരമിരുട്ടി. ഇവരെ കാണാതായതോടെ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടെങ്കിലും മൊബൈല്‍ റേഞ്ചില്ലാത്തതിനാല്‍ സാധിച്ചില്ല. ഇതോടെ ആദിവാസികളില്‍ ചിലരെ വനത്തിലേക്ക് അയച്ച്‌ ഇവര്‍ക്കായി തിരച്ചില്‍ തുടരുകയായിരുന്നു. വനംവകുപ്പിന്റെ സഹായവും ലഭ്യമാക്കി.

11 മണിക്കൂറിലേറെ വനത്തിനകത്ത് കുടുങ്ങിയ സംഘത്തിന് വെള്ളിയാഴ്ചയാണ് തിരിച്ചുള്ള യാത്ര ആരംഭിക്കാനായത്. വൈകീട്ട് നാലേമുക്കാലോടെ സംഘം തിരിച്ചെത്തി. രാത്രി ഒരുപാറപ്പുറത്താണ് കഴിച്ചുകൂട്ടിയതെന്നും വനപാലകരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ ഞങ്ങള്‍ വീണ്ടും കഷ്ടത്തിലായി പോയിരുന്നുവെന്ന് പൊലീസ് സംഘത്തെ നയിച്ചിരുന്ന ശ്രീനിവാസന്‍ പറഞ്ഞു.

കഞ്ചാവ് ഉണ്ടെന്ന വിവരം തെറ്റായിരുന്നു. ശക്തമായ മഴ മൂലം വഴികള്‍ ദുര്‍ഘടമായി. വന്യമൃഗങ്ങളുടെ ശല്യം ഉണ്ടായിരുന്നില്ലെന്നും ഡി വൈ എസ് പി പറഞ്ഞു. എസ് പിയുടെ അനുവാദത്തോടെയാണ് റെയ്ഡിന് പോയത്. രഹസ്യവിവരത്തെ തുടര്‍ന്നുള്ള പരിശോധന ആയിരുന്നതിനാല്‍ മറ്റു വകുപ്പുകളെ അറിയിച്ചിരുന്നില്ല. മലമ്പുഴ സി ഐ സുനില്‍കൃഷ്ണന്‍, വാളയാര്‍ എസ് ഐ, ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍, നാല് തണ്ടര്‍ബോള്‍ട് അംഗങ്ങള്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരായ കൃഷ്ണന്‍കുട്ടി, ബാദുശ എന്നിവരുടെ നേതൃത്വത്തിലുള്ള രക്ഷാ സംഘമാണ് പൊലീസുകാരെ രക്ഷിച്ചത്.

Related Articles

Back to top button