KeralaLatest

പാലക്കാട് കൂടല്ലൂരില്‍ ചെങ്കല്ല് ഗുഹ‍ കണ്ടെത്തി

“Manju”

 

പാലക്കാട് : പാലക്കാട് ജില്ലയിലെ ആനക്കര കൂടല്ലൂരില്‍ മഹാശിലായുഗ കാലഘട്ടത്തിലെ ചെങ്കല്ല് ഗുഹയുടെ മുന്‍വശത്ത് നടക്കുന്ന ഖനനത്തിന്റെ രണ്ടാം ദിവസം ഗുഹയില്‍ മൂന്ന് അറകള്‍ കണ്ടെത്തി.
നേരത്തെ രണ്ട് അറകള്‍ ഉണ്ടെന്ന് സൂചന ലഭിച്ചിരുന്നു. ഇന്നലെ നടന്ന ഖനനത്തിലാണ് മൂന്നാമത്തെ അറ കൂടി കണ്ടെത്തിയത്. ചൊവ്വാഴ്ച്ച ചെങ്കല്ല് ഗുഹക്ക് മുന്‍വശത്ത് നന്നങ്ങാടി കണ്ടെത്തിയതിനു സമീപമാണ് ഇന്നലെ ഖനനം നടന്നത്. ഗുഹയിലേക്കുള്ള പ്രവേശന വഴിയിലെ മണ്ണു മാറ്റിയപ്പോഴാണ് മൂന്ന് കല്‍പ്പാളികള്‍ കണ്ടെത്തിയത്. രണ്ട് അറ നേരത്തേ തന്നെ ശ്രദ്ധയില്‍ പെട്ടിരുന്നു. കവാടങ്ങളിലേക്ക് കടക്കുന്ന ഇടനാഴിക്ക് പതിവില്‍ നിന്നും വ്യത്യസ്തമായി ത്രികോണാകൃതിയാണുള്ളത്. അതിലേക്ക് ഇറങ്ങുന്നതിന് കല്‍പ്പടവുകളും ചെങ്കല്ലില്‍ തന്നെ വെട്ടിയുണ്ടാക്കിയിരിക്കുന്നു.
പടിഞ്ഞാറു ഭാഗത്തുള്ള കല്‍പ്പാളി തുറന്നാല്‍ മാത്രമേ അറയ്ക്കകത്ത് എന്തൊക്കെ ശേഷിപ്പുകളാണെന്ന് വ്യക്തമാവുകയുള്ളൂവെന്ന് ഗവേഷകര്‍ പറഞ്ഞു. ശരാശരി 60 സെമീറ്റര്‍ വീതിയും 80 സെ.മീ. ഉയരവുമുണ്ട് കല്‍പ്പാളികള്‍ക്ക്. ഇടനാഴിയുടെ ആഴം 125 സെ. മീറ്ററാണ്. ഇടനാഴി മനോഹരമായ രീതിയിലാണ് വെട്ടി ഉണ്ടാക്കിയിരിക്കുന്നത്. ഗുഹയുടെ തെക്ക് ഭാഗത്ത് കാണുന്ന രണ്ട് അറകള്‍ നേരത്തെ തുറന്ന് പരിശോധന നടത്തിയതാണ്. ഇനി ഒരറയാണ് തുറക്കാനുളളത്. ഇപ്പോള്‍ കണ്ടെത്തിയ ഇടനാഴിയില്‍ മൂന്ന് അറകളും കല്ല് വെച്ച്‌ അടച്ച നിലയിലാണ്. ഇതിലെ രണ്ട് അറകള്‍ തെക്ക് കണ്ട ഗൂഹാമുഖത്തില്‍ നിന്ന് തുറന്ന് നോക്കിയതാണ്.
കുടിവെളള പദ്ധതിക്കായി പൈപ്പിടുന്നതിന് ജെ.സി.ബി. ഉപയോഗിച്ച്‌ ചാല്‍ കീറുന്നതിനിടയിലാണ് ഗുഹ കണ്ടെത്തിയത്. തുടര്‍ന്നാണ് ഇവിടെ പരിശോധന നടത്തിയത്. ഇപ്പോള്‍ ഗുഹയുടെ പ്രധാന ഗുഹാമുഖമാണ് കണ്ടെത്തിയിട്ടുളളത്. ഈ ഗുഹ അവസാനിക്കുന്നത് പട്ടിപ്പാറ റോഡിലാണ്. കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ചാര്‍ജ് ഓഫീസര്‍ കെ. കൃഷ്ണരാജ്, വി.എ. വിമല്‍കുമാര്‍, ബിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് ഖനനം നടക്കുന്നത്.

Related Articles

Back to top button