KeralaLatest

കാർ തലകീഴായ് കുളത്തിലേക്ക് വീണു ;അമ്മയും മകനും രക്ഷപ്പെട്ടു.

“Manju”

കൊല്ലം: സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞു കുളത്തിലേക്ക് വീണപ്പോള്‍ ആ അമ്മ വിചാരിച്ചത് ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചു എന്നാണ്.
എന്നാല്‍ വിധി അവരുടെ രക്ഷക്കായി അവിടെ എത്തിച്ചത് ഡ്യൂട്ടിയില്‍ അല്ലാതിരുന്ന രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെയാണ്. സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള യാത്രയ്ക്കായി രണ്ടിടത്തുനിന്നെത്തി, രണ്ടു വഴിയേ പോവുകയായിരുന്നു അവര്‍.
എന്നാല്‍ അവര്‍ ഇരുവരേയും തക്ക സമയത്ത് എത്തിച്ച യാദൃച്ഛികതയെ ദൈവത്തിന്റെ കാരുണ്യമായി കാണുകയാണ് അപകടത്തില്‍നിന്നു രക്ഷപ്പെട്ട ആ അമ്മ. വെള്ളിമണ്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരി തേവലക്കര പാലയ്ക്കല്‍ ബീനാ ഭവനില്‍ എസ്.അനുവും (39) 8 വയസ്സുകാരനായ മകന്‍ സനല്‍ കൃഷ്ണനും സഞ്ചരിച്ച കാറാണ് കുളത്തിലേക്കു മറിഞ്ഞത്.


ചവറ ടൈറ്റാനിയംശാസ്താംകോട്ട റോഡില്‍ തേവലക്കര കൂഴംകുളം ജംക്ഷനു സമീപം വാഹനങ്ങള്‍ കൂട്ടയിടിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ 9.25 നായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ തലകീഴായി മറിഞ്ഞ കാര്‍ കുളത്തിലേക്കു വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം പുത്തൂരില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ കരുനാഗപ്പള്ളി നിലയത്തിലെ ഫയര്‍മാന്‍ മിഥുനും മൈനാഗപ്പള്ളിയില്‍ നിന്ന് കൊട്ടുകാടുള്ള വാടകവീട്ടിലേക്കു പോയ ചവറ അഗ്‌നിരക്ഷാസേന നിലയത്തിലെ ഫയര്‍മാന്‍ നൗഫര്‍ പി.നാസറും അപകടം കണ്ടു കുളത്തിലേക്കു ചാടി. കാര്‍ മുങ്ങാതെ കയര്‍ കെട്ടി നിര്‍ത്തിയശേഷം അനുവിനെയും സനലിനെയും അവര്‍ പുറത്തെടുത്തു. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ അനുവിനും മകനും കാര്യമായ പരുക്കുണ്ടായില്ല.
ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ ഇരുവരും വീട്ടില്‍ വിശ്രമത്തിലാണ്. ഇന്നലെ വൈകിട്ട് നൗഫറും മിഥുനും അനുവിന്റെ വീട്ടിലെത്തി. അനുവിന്റെ ഭര്‍ത്താവ് കെ.ഗിരീഷും മൂത്തമകള്‍ ദേവയാനിയും പറഞ്ഞാല്‍ തീരാത്ത നന്ദിയോടെ അവരെ സ്വീകരിച്ചു.

Related Articles

Back to top button