LatestThiruvananthapuram

ശാന്തിഗിരിയിൽ ആയുഷ് തുടർവിദ്യാഭ്യാസപരിപാടിക്ക് തുടക്കമായി

“Manju”

പോത്തൻകോട് : കേന്ദ്രആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ന്യൂഡൽഹി രാഷ്ട്രീയ ആയൂർവേദ വിദ്യാപീഠിന്റെ തുടർവിദ്യാഭ്യാസ പരിപാടിക്ക് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ തുടക്കമായി. ആറുദിവസം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിർവഹിച്ചു. സിദ്ധ ചികിത്സ വെറുമൊരു വൈദ്യശാസ്ത്രം മാത്രമല്ല, ഒരു ജനതയുടെ ആരോഗ്യസംരക്ഷണത്തിനുള്ള സംസ്കാരമാണ് . ആ സംസ്കാരത്തെ വീണ്ടെടുക്കണമെന്നും ആഴത്തിലുള്ള പഠനങ്ങൾ നടത്തണമെന്നും സ്വാമി അഭിപ്രായപ്പെട്ടു. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ.പി. ഹരിഹരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ജനനി അനുകമ്പ ജ്ഞാന തപസ്വിനി, റിട്ട. പ്രൊഫസർ ഡോ. ഡി. രാജശേഖർ, കേരള സംസ്ഥാന മെഡിക്കൽ കൗൺസിൽ അംഗം ഡോ. വന്ദന. പി, അസിസ്റ്റന്റ് ജനറൽ മാനേജർ എസ്. വിജയൻ എന്നിവർ സംബന്ധിച്ചു. പ്രൊഫസർ ഡോ.ജി. മോഹനാംബിഗൈ സ്വാഗതവും പ്രോഗ്രാം കൺവീനർ ഡോ.കെ. നമശിവായം നന്ദിയും പറഞ്ഞു.

സംസ്ഥാനത്തെ സിദ്ധ ഡോക്ടർമാർക്ക് വേണ്ടിയാണ് ” വർമ്മം” എന്ന വിഷയത്തിൽ തുടർ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കുന്നത്. ഡിസംബർ 13 മുതൽ 18 വരെ നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി പ്രഗല്ഭർ ക്ലാസുകൾ നയിക്കും . ആദ്യ ദിനമായ ഇന്നലെ ഹെമിപ്ലീജിയക്കും അനുബന്ധ രോഗങ്ങൾക്കുമുള്ള വർമ്മ റിട്രീവൽ ടെക്നിക് എന്ന വിഷയത്തിൽ മരിയ സിദ്ധ മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. വി. ഗണപതിയും പാർക്കിൻസോണിസവും അനുബന്ധ അവസ്ഥകളും എന്ന വിഷയത്തിൽ ചെന്നെ നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് സിദ്ധയിൽ നിന്നും ഡോ. എം. വി. മഹാദേവനും ക്ലാസെടുത്തു. ഇന്ന് ഫേഷ്യൽ പ്ലാസിയും ട്രൈജെമിനൽ ന്യൂറാൾജിയയും എന്ന വിഷയത്തിൽ ഡോ. ജി. മോഹനാംബിഗൈ, ഡോ.സി.അൻപരശി എന്നിവരും തലവേദനയും അതിന്റെ വർമ്മ മാനേജ്മെന്റും എന്ന വിഷയത്തിൽ അവനവഞ്ചേരി ഗവ. സിദ്ധ ഡിസ്പെൻസറി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. വി.ബി. വിജയകുമാർ, ചെന്നൈ ക്ലിനിക്കൽ റിസർച്ച് വിഭാഗത്തിലെ സിദ്ധ റിസർച്ച് ഓഫീസർ ഡോ.എസ്. നടരാജൻ എന്നിവരും ക്ലാസുകൾ നയിക്കും.

 

Related Articles

Back to top button