KeralaLatest

വിദ്യാഭ്യാസ ലോണ്‍ നല്‍കിയില്ല, വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

“Manju”

കൊല്ലം: പാരാമെഡിക്കല്‍ കോഴ്സിന് പ്രവേശനംനേടിയ വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിലുള്ള മനഃപ്രയാസത്തെ തുടര്‍ന്നാണ് മകള്‍ ജീവനൊടുക്കിയതെന്ന ആരോപണവുമായി പിതാവ് രംഗത്തെത്തി. തിങ്കളാഴ്ച ഉച്ച കഴിഞ്ഞായിരുന്നു പോച്ചംകോണം അനന്തുസദനത്തില്‍ സുനില്‍കുമാറിന്റെയും ഉഷാകുമാരിയുടെയും മകള്‍ അനഘ സുനിലിനെ(19) തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

തേനിയിലെ കോളജില്‍ പാരാമെഡിക്കല്‍ കോഴ്സിന് അനഘയ്ക്ക് പ്രവേശനം ലഭിച്ചിരുന്നു. തുടര്‍ന്ന് ബാങ്കില്‍ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. നാലുലക്ഷം രൂപയാണ് പഠനച്ചെലവായി വേണ്ടിയിരുന്നത്. ഇന്നലെ വായ്പ സംബന്ധിച്ചു സംസാരിക്കാന്‍ അനഘ ബാങ്കില്‍ പോയിരുന്നു. ബാങ്കില്‍നിന്നു മകള്‍ വിളിച്ചു വായ്പ ലഭിക്കുന്ന കാര്യം സംശയമാണെന്ന് പറഞ്ഞതായി പിതാവ് പറഞ്ഞു. മാതാപിതാക്കള്‍ വീട്ടിലെത്തി വിളിച്ചപ്പോള്‍ അനഘ വാതില്‍ തുറന്നില്ല.

കതക് ചവിട്ടിത്തുറന്ന് അകത്തു കയറിയപ്പോള്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.വീട് വയ്ക്കാന്‍ ഇതേ ബാങ്കില്‍ നിന്ന് സുനില്‍ വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് കുടിശിക ആയതിനാല്‍ വിദ്യാഭ്യാസ വായ്പ ലഭിക്കാതിരിക്കുമോ എന്ന പേടിയില്‍ 45,000 രൂപ അടുത്തിടെ അടയ്ക്കുകയും ചെയ്തു. ബുധനാഴ്ച കോളജില്‍ ക്ലാസ് തുടങ്ങാനിരിക്കുകയായിരുന്നു. ഇതിനു മുന്‍പായി ഫീസ് അടയ്ക്കണം എന്നായിരുന്നു നിര്‍ദേശം.

അതേസമയം, അനഘയ്ക്ക് വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതില്‍ ഒരു തടസ്സവും ഉന്നയിച്ചിരുന്നില്ലെന്നും വായ്പ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ചെയ്തു വരികയായിരുന്നുവെന്നും ബാങ്ക് അധികൃതര്‍ പറയുന്നു.അനഘയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരന്‍ അനന്തു.

Related Articles

Back to top button