LatestThiruvananthapuram

ടെറസില്‍ ഇഞ്ചി വിളയിച്ച്‌​ കര്‍ഷക ദമ്പതികള്‍

“Manju”

വെള്ളറട (തിരുവനന്തപുരം): ടെറസിന് മുകളില്‍ ഇഞ്ചി കൃഷി ഒരുക്കി കര്‍ഷക ദമ്ബതികള്‍. രണ്ടര സെന്‍റ്​ വിസ്തീര്‍ണത്തില്‍ 125 കിലോഗ്രാം ഇഞ്ചിയാണ്​ വിളവെടുത്തത്​.
വെള്ളറട മുട്ടച്ചല്‍ എം.എസ് ഭവനില്‍ മോഹന്‍രാജും ഭാര്യ സലീല കുമാരിയുമാണ് ഈ മാതൃകാ കര്‍ഷകര്‍. മോഹന്‍രാജ് ദീര്‍ഘകാലം കൃഷിഭവന്‍ ഉദ്യോഗസ്ഥനായിരുന്നു. ഔദ്യോഗിക ജോലിക്കിടയിലും സ്വന്തം പറമ്പിലും വീടിന്റെ മേല്‍ക്കൂരയിലും നൂതന കൃഷി സംവിധാനത്തിലൂടെ ഉയര്‍ന്ന വിളവ് ലഭിക്കാറുണ്ടായിരുന്നു.
മോഹന്‍രാജ് ഔദ്യോഗിക കാര്യങ്ങള്‍ക്ക് പോകുമ്പോള്‍ ഭാര്യ സലീല കുമാരിയാണ് മേല്‍നോട്ടം വഹിക്കുന്നത്. ഇദ്ദേഹത്തെ വെള്ളറട കൃഷിഭവന്റെ മികച്ച കര്‍ഷകനായി തെരഞ്ഞെടുത്തിരുന്നു.
ഒരു ചാക്കിനുള്ളില്‍ രണ്ട് കിലോ കോഴികാഷ്ടം വളക്കൂറുള്ള മണ്ണില്‍ കലര്‍ത്തിയാണ്​ ഇഞ്ചിവിത്ത് നടുന്നത്​. തുടര്‍ന്ന് ചാണകലായനി പുറത്ത് ഒഴിക്കും. ഏപ്രില്‍-മേയ് മാസങ്ങളിലാണ് വിത്തിടുക. ജനുവരിയില്‍ വിളവെടുക്കും.
മുമ്ബ് ടെറസിലെ 1000 ചതുരശ്ര അടിയില്‍ ഇഞ്ചി കൃഷി മറ്റൊരു രീതിയിലായിരുന്നു. പ്ലാസ്റ്റിക്​ ചാക്കിനകത്ത് തൊണ്ടുകള്‍ മലര്‍ത്തിയടുക്കി പുറത്ത് ചാണകപൊടിയും കോഴികാഷ്ടവും മണ്ണും നിറക്കും. ദിവസങ്ങള്‍ കഴിഞ്ഞ് വിത്തിടുമ്പോള്‍ ചാണക പൊടിയോ കോഴിവളമോ വിതറും. തുടര്‍ന്ന് ദിവസവും നനക്കും.
മഴക്കാലങ്ങളില്‍ ടെറസില്‍ വെള്ളംകെട്ടി ഇഞ്ചി നശിക്കാന്‍ കാരണമായതാണ് നൂതന കൃഷിരീതി വികസിപ്പിക്കാന്‍ മോഹന്‍രാജിനെ പ്രേരിപ്പിച്ചത്​. ഇപ്പോള്‍ കെട്ടിടത്തിന് മുകളില്‍ എത്ര വെള്ളക്കെട്ടുണ്ടായാലും കൃഷി നടക്കും.

Related Articles

Back to top button