India

ലംബമായി വിക്ഷേപിക്കുന്ന മിസൈല്‍ പരീക്ഷണം വിജയം

“Manju”

ഭുവനേശ്വർ : നാവിക സേനയുടെ കരുത്ത് ഇരട്ടിപ്പിച്ച് ഒരു മിസൈൽ പരീക്ഷണം കൂടി വിജയകരമായി പൂർത്തിയാക്കി ഡിആർഡിഒ. തദ്ദേശീയമായി നിർമ്മിച്ച ലംബമായി വിക്ഷേപിക്കുന്ന ഹ്രസ്വ ദൂര ഉപരിതല – ഭൂതല മിസൈലിന്റെ പരീക്ഷണമാണ് വിജയകരമായി പൂർത്തിയാക്കിയത്. ലംബമായി വിക്ഷേപിക്കുന്ന മിസൈൽ പരീക്ഷണം പൂർത്തിയാക്കിയതോടെ പ്രതിരോധ മേഖലയിൽ നിർണായക നേട്ടം കൈവരിച്ചിരിക്കുകയാണ് രാജ്യം.

ഒഡീഷ തീരത്തെ ചന്ദിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നും വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു മിസൈൽ പരീക്ഷണം. ലംബമായി സജ്ജീകരിച്ച ലോഞ്ചറിൽ നിന്നും സമുദ്ര നിരപ്പിൽ നിന്നും വളരെ താഴെയായി സ്ഥാപിച്ച ഇലക്ട്രോണിക് ലക്ഷ്യത്തിലേക്ക് മിസൈൽ വിക്ഷേപിച്ചായിരുന്നു പരീക്ഷണം. സ്ഥാപിച്ച ലക്ഷ്യത്തെ കൃത്യതയോടെ ഭേദിച്ചാണ് പരീക്ഷണത്തിൽ മിസൈൽ മികവ് തെളിയിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പരീക്ഷണത്തിനിടെ ഐടിആറിൽ സ്ഥാപിച്ചിരുന്ന ട്രാക്കിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് മിസൈലിന്റെ സഞ്ചാര പാത അധികൃതർ കൃത്യമായി നിരീക്ഷിച്ചിരുന്നു. പരീക്ഷണ വേളയിൽ മിസൈലുമായി ബന്ധപ്പെട്ട എല്ലാ ഉപസംവിധാനങ്ങളും കൃത്യമായി പ്രവർത്തിച്ചതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കൺട്രോളറോടു കൂടിയ വെർട്ടിക്കൽ ലോഞ്ചർ യൂണിറ്റ്, കാനിസ്റ്ററൈസ്ഡ് ഫ്‌ളൈറ്റ് വെഹിക്കിൾ, വെപ്പൻ കൺട്രോൾ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളുടെ കാര്യക്ഷമത മനസ്സിലാക്കുന്നതിന് വേണ്ടി കൂടിയായിരുന്നു പരീക്ഷണം. ഡിആർഡിഒയിലേയും, നാവിക സേനയിലെയും ഉന്നത ഉദ്യോഗസ്ഥർ പരീക്ഷണത്തിന് സാക്ഷ്യം വഹിച്ചു.

2021 ഫെബ്രുവരി 22 നായിരുന്നു മിസൈലിന്റെ ആദ്യ പരീക്ഷണം. ആദ്യ പരീക്ഷണത്തിൽ തന്നെ മികവ് പ്രകടിപ്പിച്ച മിസൈൽ അധികൃതരുടെ പ്രതീക്ഷ ഉയർത്തിയിരുന്നു. കാര്യക്ഷമത ഒരിക്കൽ കൂടി ഉറപ്പിക്കുന്നതിന് വേണ്ടിയാണ് മിസൈൽ ഒഡീഷ തീരത്തു നിന്നും പരീക്ഷിച്ചതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ഡിആർഡിഒയെ കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.

Related Articles

Back to top button