IndiaLatest

400 ലധികം പാര്‍ലമെന്റ് ജീവനക്കാര്‍ക്ക് കൊവിഡ്

“Manju”

ദില്ലി ; രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെയാണ് സുപ്രീം കോടതിയിലും പാര്‍ലമെന്റിലും കൊവിഡ് സ്ഥിരീകരിച്ചത്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് പാര്‍ലമെന്‍റ് ജീവനക്കാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. ദില്ലിയില്‍ കഴിഞ്ഞ ദിവസം ഇരുപതിനായിരത്തിന് മുകളില്‍ കേസുകളാണ് റിപ്പോര്‍ട്ട്‌ ചെയ്തത്. ജനുവരി നാലു മുതല്‍ എട്ടുവരെ 1,409 ജീവനക്കാരില്‍ നടത്തിയ പരിശോധനയിലാണ് 402 ജീവനക്കാര്‍ക്ക് രോഗബാധ കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ സ്ഥിരീകരണതിനായി പരിശോധനയ്ക്ക് അയച്ചു .

200 ലോക്സഭ ജീവനക്കാര്‍ക്കും 69 രാജ്യസഭ ജീവനക്കാര്‍ക്കും 133 മറ്റു ജീവനക്കാര്‍ക്കുമാണ് രോഗബാധ. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യസഭയിലെ 50% ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തിയതായി രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ എം വെങ്കയ്യ നായിഡു അറിയിച്ചു.

സുപ്രീം കോടതി ജഡ്ജിമാരില്‍ രണ്ടു പേര്‍ക്ക് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് രണ്ടുജഡ്ജിമാര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയത്. നിലവില്‍ 150 ഓളം പേര്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. ദില്ലിയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ അടുത്ത ആറ് ആഴ്ചത്തേക്ക് സുപ്രീംകോടതിയില്‍ നേരിട്ടുള്ള വാദം കേള്‍ക്കല്‍ ചീഫ് ജസ്റ്റിസ് ഒഴിവാക്കിയിരുന്നു. രണ്ടാഴ്ച ഡിജിറ്റല്‍ ഹിയറിങ്ങായിരിക്കും നടത്തുക.

ജനുവരി 7 മുതല്‍ ജോലിസ്ഥലങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ബെഞ്ചുകള്‍ ചേരാനാണ് തീരുമാനം. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള മൊത്തം 32 ജഡ്ജിമാരില്‍ നാലുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ജാഗ്രതയിലാണുള്ളത്. കോടതി കോംപൗണ്ടിനുള്ളിലെ പോസിറ്റീവിറ്റി നിരക്ക് 12.5 ശതമാനമാണ്. ദില്ലിയില്‍ കഴിഞ്ഞ ദിവസം 20181 കേസുകളാണ് റിപ്പോര്‍ട്ട്‌ ചെയ്തത്.

Related Articles

Back to top button