IndiaLatest

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച ; അന്വേഷണ സമിതി രൂപീകരിച്ചു

“Manju”

ഡല്‍ഹി ;പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച അന്വേഷിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം അന്വേഷണ സമിതി രൂപീകരിച്ചു. വിരമിച്ച മുന്‍ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചത്. എന്‍ഐഎ ഡയറക്റ്റര്‍ ജനറല്‍, പഞ്ചാബ് സുരക്ഷാ വിഭാഗം ഡയറക്ടര്‍ ജനറല്‍, പഞ്ചാബ് – ഹരിയാന ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍.

ഈ മാസം അഞ്ചിന് പഞ്ചാബില്‍ എത്തിയ പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വലിയ വീഴ്ചയാണ് സംഭവിച്ചത്. സംഭവത്തില്‍ പഞ്ചാബ് സംസ്ഥാന സര്‍ക്കാരിനെ പഴിചാരി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദത്തെ പഞ്ചാബ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് വിരമിച്ച മുന്‍ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള നാലംഗ അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്.

സുരക്ഷാ വീഴ്ചയുടെ കാരണങ്ങള്‍, അതിന് ഉത്തരവാദികളായ വ്യക്തികള്‍, വിവിഐപികളുടെ ഇത്തരം സുരക്ഷാ ലംഘനങ്ങള്‍ തടയാന്‍ ഭാവിയില്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്നിവ സമിതി അന്വേഷിക്കും. വിഷയം സുപ്രീം കോടതി രൂപീകരിച്ച സമിതി അന്വേഷിക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും അന്വേഷണം നടത്താന്‍ രൂപീകരിച്ച സമിതികള്‍ അന്വേഷണം നിര്‍ത്തി വെയ്ക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Related Articles

Back to top button