Palakkad

വിദ്യാർഥിയുടെ സത്യസന്ധത: റിട്ടയേർഡ് ബാങ്ക് ജീവനക്കാരന് നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചു.

“Manju”

പത്തിരിപ്പാല • വിദ്യാർഥിയുടെ സത്യസന്ധതയും മങ്കര പൊലീസിന്റെ ഇടപെടലും കാരണം റിട്ട. ബാങ്ക് ജീവനക്കാരന് നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചു. മങ്കര കണ്ണമ്പരിയാരം വെള്ളോലി മഠത്തിൽ ശശിയുടെ മകൾ വി.എം.രമ്യയ്ക്ക് ആണ് കഴിഞ്ഞദിവസം പാതയോരത്ത് നിന്നു 50,000 രൂപ ലഭിച്ചത്. വീട്ടിൽ നിന്നു സ്കൂട്ടറിൽ മങ്കര വില്ലേജിൽ പോകുമ്പോഴാണ് 500 രൂപയുടെ ഒരു കെട്ട് നോട്ട് ഞാറക്കോട്ട് കാവിനു സമീപത്ത് നിന്നു രമ്യയ്ക്കു ലഭിച്ചത്.

വീണുകിട്ടിയ പണത്തിൽ ബാങ്കിന്റെ സ്ലിപ് ഉണ്ടായിരുന്നു. ലഭിച്ച പണം വിദ്യാർഥി മങ്കര എസ്ഐ പി.കെ.അബ്ദുൽ റഷീദിന് കൈമാറുകയായിരുന്നു. പണം നഷ്ടപ്പെട്ട പരാതിയുമായി ആരും പൊലീസ് സ്റ്റേഷനിൽ എത്താത്തതിനെ തുടർന്നു എസ്ഐ നടത്തിയ ഇടപെടലിലൂടെയാണ് ഉടമയെ കണ്ടെത്താൻ കഴിഞ്ഞത്. ഒറ്റപ്പാലം കോ–ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ പത്തിരിപ്പാല ശാഖയിൽ നിന്നു പിൻവലിച്ച പണമാണ് വിദ്യാർഥിക്കു ലഭിച്ചിരുന്നത്. പൊലീസ് ബാങ്കുമായി ബന്ധപ്പെട്ട് ഉടമയെ കണ്ടെത്തുകയായിരുന്നു.

റിട്ട. ബാങ്ക് ഉദ്യോഗസ്ഥനായ കണ്ണമ്പരിയാരം മണിയംകാട് എ. കുമാരന്റെ പണമായിരുന്നു നഷ്ടമായത്. ബാങ്കിൽ നിന്നു സ്കൂട്ടറിൽ വീട്ടിലേക്കു പോകുമ്പോഴാണ് പൈസ നഷ്ടപ്പെട്ടത്. ഇന്നലെ പൊലീസ് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം കുമാരൻ അറിയുന്നത്. സ്റ്റേഷനിലെത്തിയ ഉടമയ്ക്ക് വിദ്യാർഥി പണം കൈമാറി. എസ്ഐമാരായ കെ.സി.അബ്ദുൽ ഹക്കിം, പി.കെ.അബ്ദുൽ റഷീദ്, സിപിഒമാരായ കെ.ഗിരീഷ്കുമാർ, കെ.എ.ഗീത എന്നിവരുടെ സാന്നിധ്യത്തിൽ പണം കൈമാറിയത്. ഒറ്റപ്പാലം എൻഎസ്എസ് കോളജിലെ ബിഎസ്‌സി സുവോളജി അവസാന വർഷ വിദ്യാർഥിയാണ് രമ്യ.

Related Articles

Back to top button