InternationalLatest

സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ റിപ്പബ്ലിക്ക് ദിനാഘോഷം

“Manju”

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി ഭാരതത്തിന്റെ 73-ാമത് റിപ്പബ്ലിക്ക് ദിനം വിപുലമായി ആഘോഷിച്ചു. എംബസി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ് ത്രിവര്‍ണ പതാക ഉയര്‍ത്തി. ഇന്ത്യന്‍ രാഷ്‌ട്രപതിയുടെ സന്ദേശം അംബാസഡര്‍ ചടങ്ങില്‍ വായിച്ചു. തുടര്‍ന്ന് റിയാദിലെ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടികളും അരങ്ങേറി.

സൗദി അറേബ്യയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. വൈകിട്ട് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടേഴ്‌സിലെ സാംസ്‌കാരിക കൊട്ടാരത്തില്‍ എംബസി ഒരുക്കിയ ഔപചാരികമായ പരിപാടിയില്‍ റിയാദ് മേയര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അയ്യാഫ് അല്‍ മുഖ്രിന്‍ പങ്കെടുത്തു. ഇന്ത്യന്‍ പ്രവാസികള്‍ക്കൊപ്പം നയതന്ത്ര സമൂഹത്തിലെ അംഗങ്ങളും ചടങ്ങില്‍ സന്നിഹിതര്‍ ആയിരുന്നു.

ഇവന്റ് ഹാളില്‍ ഇന്ത്യ-സൗദി ബന്ധങ്ങള്‍ എന്ന വിഷയത്തില്‍ സൗദിയിലെയും ഇന്ത്യയിലെയും പ്രമുഖ കലാകാരന്മാര്‍ ഒരുക്കിയ പെയിന്റിംഗ് എക്‌സിബിഷന്‍ പ്രദര്‍ശിപ്പിച്ചു. കൂടാതെ ഇന്ത്യന്‍ കരകൗശലവസ്തുക്കള്‍, തുണിത്തരങ്ങള്‍, ഭക്ഷണം, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന നിരവധി സ്റ്റാളുകളും സജ്ജീകരിച്ചിരുന്നു.

Related Articles

Back to top button