ടോസ്റ്റ് മാസ്റ്റേഴ്സ് ഉന്നത പദവി നേടി മലയാളി അധ്യാപിക
ശ്രീജ.എസ്
ജുബൈല്‍: ടോസ്റ്റ് മാസ്റ്റേഴ്സ് ഉന്നത പദവി കരസ്ഥമാക്കി പ്രവാസി മലയാളി അധ്യാപിക. തൃശൂര്‍ സ്വദേശിയും ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറുമായ പ്രമീള പ്രകാശിന്റെ ഭാര്യയും ചെറുതുരുത്തി സ്വദേശി രാജന് ജോണ്‍ – സാലി ദമ്പതികളുടെ മകളുമായ എല്‍ന രാജനാണ്(32) ഉന്നത പദവിയായ ഡിസ്റ്റിങ്ഷ്ഡ് ടോസ്റ്റ് മാസ്റ്റര്‍ (ഡി.ടി.എം) കരസ്ഥമാക്കിയത്. ജുബൈലില്‍ നിന്നും ഇതേ പദവി ലഭിക്കുന്ന രണ്ടാമത്തേതും പ്രായം കുറഞ്ഞതുമായ വനിതയാണ് എല്‍ന രാജന്.
സൗദിയില്‍ ജനിച്ചു വളര്‍ന്ന എല്‍ന ദമ്മാം ഇന്റര്‍നാഷനല്‍ സ്കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം കോയമ്പത്തൂര്‍ നിര്‍മല കോളജില്‍ നിന്ന് ഹ്യൂമന്‍ റിസോഴ്സ് ബിരുദവും ബഹ്റൈന്‍ ബിറ്റ്സ് ബിലാനി കോളജില്‍ നിന്ന് എം.ബി.എയും എജുക്കേഷനല്‍ സൈക്കോളജിയില്‍ ഡിപ്ലോമയും കരസ്ഥമാക്കി. നിലവില്‍ മറിയ ഇന്റര്‍നാഷനല്‍ സ്കൂളില്‍ അധ്യാപികയാണ്. ടോസ്റ്റ് മാസ്റ്റേഴ്സിന്റെ പെരിയാര്‍ ക്ലബ്ബില്‍ 2015ല്‍ അംഗത്വമെടുക്കുകയും അഞ്ച് വര്‍ഷത്തെ കഠിനാധ്വാനവും പ്രവര്‍ത്തന മികവും കൊണ്ട് ഡി.ടി.എം പദവി കരസ്ഥമാക്കുകയും ആയിരുന്നു.