![](https://i0.wp.com/santhigirinews.org/wp-content/uploads/2022/02/8.jpg?resize=589%2C338&ssl=1)
കണ്ണൂര്‍: വാഹനം പാര്‍ക്ക് ചെയ്യുന്നതുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കണ്ണൂര്‍ ആയിക്കരയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു. കണ്ണൂര്‍ സിറ്റി സ്വദേശികളായ റാബിഹ്, ഹനാന് എന്നിവരാണ് പിടിയിലായത്. രാത്രി 12.25 ഓടെ ഹോട്ടല്‍ അടച്ച് വീട്ടിലേക്ക് മടങ്ങവെ ആയിക്കര മത്സ്യ മാര്‍ക്കറ്റിന് സമീപത്ത് വച്ച് പ്രതികള്‍ കാര്‍ തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ജസീറിനെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. റോഡ് സൈഡില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതുമായുള്ള തര്‍ക്കമാണ് പിന്നീട് കൊലപാതകത്തിലെത്തിയതെന്നാണ് പ്രഥമിക നിഗമനം. ജാസിറിനെ കുത്തി പ്രതികള്‍ ഓടി രക്ഷപെടുന്നത് സമീപത്തെ കടയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. കൂടുതല്‍ പേര് സംഭവത്തില്‍ ഉള്‍പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുവെന്നും പോലീസ് പറഞ്ഞു.