LatestThiruvananthapuram

34-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന് നാളെ തുടക്കം

“Manju”

തിരുവനന്തപുരം: മുപ്പത്തിനാലാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ്സിന് നാളെ (ഫെബ്രുവരി 10) തിരുവനന്തപുരത്ത് തുടക്കം. രാവിലെ 9.30ന് പ്രധാനവേദിയായ മാര്‍ ഇവാനിയോസ് കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിവരാധിഷ്ഠിത സമ്പദ് വ്യവസ്ഥയ്ക്കായി ശാസ്ത്രവും സാങ്കേതികതയും നൂതനാശയങ്ങളും എന്ന പ്രമേയം ആസ്പദമാക്കി നടക്കുന്ന ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാനജേതാവുമായ പ്രൊഫസര്‍ കോണ്‍സ്റ്റാന്റിന്‍ സെര്‍ഗീവിച്ച്‌ നോവോസെലോവ് പ്രത്യേക പ്രഭാഷണം നടത്തും.

കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് പ്രൊഫസര്‍ കെ.പി.സുധീര്‍ അധ്യക്ഷനായ ഉദ്ഘാടനച്ചടങ്ങില്‍ കേരള സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേശകനായ എം.സി.ദത്തന്‍, മലങ്കര സിറിയന്‍ കാത്തലിക് ചര്‍ച്ച്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് ബസേലിയോസ് കര്‍ദിനാള്‍ ക്ലിമ്മീസ് കാതോലിക്കാ ബാവ, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ശാസ്ത്ര കോണ്‍ഗ്രസ് ജനറല്‍ കണ്‍വീനര്‍ ഡോ. എസ്. പ്രദീപ് കുമാര്‍, നാറ്റ് പാക് ഡയറക്ടര്‍ ഡോ. സാംസണ്‍ മാത്യു എന്നിവര്‍ പങ്കെടുക്കും.

മുഖ്യമന്ത്രിയുടെ യുവശാസ്ത്രജ്ഞര്‍ക്കുള്ള സ്വര്‍ണ്ണമെഡലും ശാസ്ത്രസാഹിത്യ പുരസ്‌കാരങ്ങളും നേടിയവര്‍ക്കുള്ള സമ്മാനവിതരണം ചടങ്ങില്‍ നടക്കും. ഡോ.എസ്. വാസുദേവ് പുരസ്‌കാര പ്രഖ്യാപനവുമുണ്ടാകും. ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന പ്രഭാഷണപരമ്പരയില്‍ പ്രഫ. നോവോസെലോവിനെ കൂടാതെ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥ്, ആസൂത്രണ ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ പ്രൊഫസര്‍ വി.കെ.രാമചന്ദ്രന്‍ എന്നിവരും സംസാരിക്കും.

ഫെബ്രുവരി 10 മുതല്‍ 12 വരെ നടക്കുന്ന കോണ്‍ഗ്രസ്സില്‍ ശാസ്ത്രവിദ്യാര്‍ത്ഥികളും ഗവേഷകരും 140 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കൂടാതെ 162 പോസ്റ്ററുകളുടെ പ്രദര്‍ശനവുമുണ്ടാകും. പ്രമുഖശാസ്ത്രജ്ഞരെ അനുസ്മരിക്കുന്ന പ്രഭാഷണപരമ്പരയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് മുന്‍ ഡയറക്ടര്‍ ഡോ. പി. ശ്രീകുമാര്‍, മുന്‍ ആസൂത്രണബോര്‍ഡ് അംഗം ഡോ.കെ.എന്‍.ഹരിലാല്‍, എം.ജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ സാബുതോമസ്, ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടര്‍ ഡോ. എം. സഞ്ജപ്പ, ഹൈദരാബാദ് സ്ട്രക്ചറല്‍ ബയോളജി ഗ്രൂപ്പ് ലീഡര്‍ ഡോ. ആര്‍. ശങ്കരനാരായണന്‍ എന്നിവര്‍ സംസാരിക്കും.

ബാലശാസ്ത്രകോണ്‍ഗ്രസ്സ് 12 ന് രാവിലെ 10 മുതല്‍ ഒരു മണിവരെ നടക്കും. ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ കേരളത്തില്‍ നിന്ന് വിജയിച്ച കുട്ടികളുടെ പ്രോജക്‌ട് അവതരണമാണ് ഈ സമയത്ത് നടക്കുക. ഈ വര്‍ഷത്തെ കേരള ശാസ്ത്രകോണ്‍ഗ്രസ്സില്‍ പങ്കെടക്കുന്ന 614 ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രജ്ഞരുമായി സംവദിക്കാനും വേദിയൊരുക്കിയിട്ടുണ്ട്. 12 നാണ് സംവാദം.
ഭിന്നശേഷിയുള്ള കുട്ടികള്‍ക്കിടയില്‍ ശാസ്താഭിരുചി വളര്‍ത്താനുള്ള Scientia എന്ന പദ്ധതിയുടെ കീഴില്‍ പരിശീലനം നേടിയവരുടെ പോസ്റ്റര്‍ പ്രദര്‍ശനവും ശാസ്ത്ര കോണ്‍ഗ്രസില്‍ ഉണ്ടാകും. മാജിക് പ്ലാനെറ്റിലെ ഡിഫറന്റ് ആര്‍ട്‌സ് സെന്ററില്‍ പരിശീലനം നേടിയ ഭിന്നശേഷിയുള്ള കുട്ടികളുടെ ശാസ്ത്ര പ്രൊജെക്ടുകളാണ് പോസ്റ്ററുകളുടെ രൂപത്തില്‍ അവതരിപ്പിക്കുക.

Related Articles

Back to top button