IndiaLatest

‘റോബിന്‍ഹുഡ്’ സ്റ്റൈല്‍ മോഷ്ടാവ് പൊലീസ് വലയില്‍

“Manju”

ബം​ഗളൂരു: സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളില്‍ മോഷണം നടത്തിവന്ന ആള്‍ ഒടുവില്‍ പൊലീസിന്റെ പിടിയിലായി. ബം​ഗളൂരുവിലാണ് സംഭവം. ജോണ്‍ മെല്‍വിന്‍ (46) ആണ് പൊലീസിന്റെ വലയിലായത്. 1994 മുതല്‍ മോഷണം നടത്തുന്ന ഇയാള്‍ ഒരിക്കല്‍ പോലും പിടിക്കപ്പെട്ടില്ല. വിജയനഗറിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് പൊലീസ് ഒടുവില്‍ ഇയാളെ പിടികൂടിയത്.
‘റോബിന്‍ഹുഡ്’ സ്റ്റൈലിലാണ് ഇയാളുടെ മോഷണം. പണക്കാരുടെ വീട്ടില്‍ നിന്ന് മോഷണം നടത്തി പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്നതാണ് ഇയാളുട രീതി. ഒരോ മോഷണത്തിനു ശേഷവും വേളാങ്കണ്ണിയിലെയും മൈസൂരുവിലെയും പള്ളികള്‍ക്ക് സമീപമുള്ള യാചകര്‍ക്കാണ് ഇയാള്‍ പണ വിതരണം ചെയ്തിരുന്നത്. കൈയില്‍ എപ്പോഴും ബൈബിളും ഉണ്ടാകും. ജാലഹള്ളിക്ക് സമീപത്ത് ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തില്‍ ഒറ്റയ്ക്കായിരുന്നു ഇയാളുടെ താമസം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന അന്‍പതോളം മോഷണങ്ങളില്‍ ജോണ്‍ മെല്‍വിന് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. രാഷ്ട്രീയക്കാരുടെയും സമ്ബന്നരുടെയും വീടുകളില്‍ മാത്രമാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. ആവശ്യമായ പണവും ആഭരണങ്ങളും മാത്രമെടുക്കുന്നതായിരുന്നു പതിവ്. മോഷ്ടിക്കപ്പെട്ടവയില്‍ കള്ളപ്പണവും ഉണ്ടായിരുന്നതിനാല്‍ ചിലയിടങ്ങളില്‍ നിന്ന് പരാതികളുമുണ്ടായിരുന്നില്ല.
ഒരു ഭാഗം പാവപ്പെട്ടവര്‍ക്കു വേണ്ടി മാറ്റിവെച്ചതിനു ശേഷം ബാക്കിയുള്ള തുക സ്പാകളില്‍ നിന്ന് മസാജ് ചെയ്യാനും സുഭിക്ഷമായി ഭക്ഷണം കഴിക്കാനുമാണ് ഉപയോഗിച്ചിരുന്നത്. കൈവശമുള്ള തുക തീരുന്നതിനനുസരിച്ച്‌ വീണ്ടും മോഷണത്തിനിറങ്ങും. പൊലീസുകാരുടെ വീടുകളിലും കയറിയിട്ടുണ്ടെങ്കിലും വീട് പൊലീസിന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെ സാധനങ്ങള്‍ തിരികെ വച്ചിട്ടുണ്ടെന്നും ഇയാള്‍ മൊഴി നല്‍കി.

Related Articles

Back to top button