KeralaLatest

മൂവാറ്റുപുഴയെ രക്ഷിക്കാന്‍ പദ്ധതികള്‍ നടപ്പാക്കും: മന്ത്രി

“Manju”

മൂവാറ്റുപുഴ; ഇനിയുള്ള പ്രളയ ഭീതിയില്‍ നിന്ന് മൂവാറ്റുപുഴയെ രക്ഷിക്കാന്‍ ഫലപ്രദമായ പദ്ധതികള്‍ നടപ്പാക്കുമെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വര്‍ഷ കാലത്ത് മലങ്കര ഡാമിലെ ജലനിരപ്പ് 36.9 അടിയായി നിജപ്പെടുത്താനും കായനാട് ചെക്ക് ഡാമിനു ഷട്ടറുകള്‍ സ്ഥാപിക്കാനും മൂവാറ്റുപുഴയാറിലെ ചെളിയും മണ്ണും നീക്കം ചെയ്ത് സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടാതെ സംരക്ഷിക്കാനും നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

മൂവാറ്റുപുഴയെ പ്രളയ ഭീതിയില്‍ നിന്നു മോചിപ്പിക്കാന്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഓപ്പറേഷന്‍ ഫ്ലഡ് മൂവാറ്റുപുഴ എന്ന പേരില്‍ സംഘടിപ്പിച്ച സെമിനാറില്‍ ആണ് മന്ത്രി ഈ നടപടികള്‍ പ്രഖ്യാപിച്ചത്. കൂടുതല്‍ വിശദമായ ചര്‍ച്ചകള്‍ നടത്താന്‍ തിരുവനന്തപുരത്ത് ഉന്നത തല യോഗം ചേരാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു.സംസ്ഥാനത്തെ നദികളിലെ ചെളിയും മണ്ണും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നുണ്ടെന്നും മൂവാറ്റുപുഴയാറിനു ഈ പദ്ധതിയില്‍ മുന്‍ഗണന നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

യോഗത്തില്‍ മാത്യു കുഴല്‍നാടന്‍ അധ്യക്ഷനായി. മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്‍, ജില്ല പ‍ഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിന്‍, നഗരസഭ ചെയര്‍മാന്‍ പി.പി.എല്‍ദോസ്, ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി ഏബ്രഹാം, പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.പി.ബേബി, ഷെര്‍ളി ജോണ്‍സ്, ജോളി മോന്‍, എ. മുഹമ്മദ് ബഷീര്‍, എസ്.ആര്‍.രാജീവ്, ഫാ.ആന്റണി പുത്തന്‍കുളം, ജോയ്സ് മേരി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button