KeralaLatest

യുക്രൈന്‍-റഷ്യ യുദ്ധം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന മേഖലകള്‍

“Manju”

റഷ്യയും യുക്രൈനും നേര്‍ക്കുനേരെ നില്‍ക്കുമ്പോള്‍ ലോകരാജ്യങ്ങളെല്ലാം ആകാംക്ഷയുടെ മുള്‍മുനയിലാണ്. അമേരിക്ക മറുഭാഗത്ത് യുക്രൈനിന് പിന്തുണയുമായിട്ടുണ്ട്. ഒരു ലോകമഹായുദ്ധം മുന്നില്‍ക്കണ്ടാണ് ലോകരാജ്യങ്ങളെല്ലാം നില്‍ക്കുന്നത്. യുക്രൈനിനു നേരെ റഷ്യ സൈനിക നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ വലിയൊരു സാമ്പത്തിക പ്രതിസന്ധി ലോകരാജ്യങ്ങളൊക്കെ തന്നെ മുന്നില്‍ കണ്ടിരുന്നു.
എനര്‍ജി : യൂറോപ്യന്‍ രാജ്യങ്ങളില്‍ വലിയൊരു വിഭാഗവും എനര്‍ജി ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നത് റഷ്യയെയാണ്. വാതകങ്ങള്‍ കൈമാറുന്നതിന് സുപ്രധാന പൈപ്പുലൈനുകള്‍ റഷ്യ യൂറോപ്യന്‍ രാജ്യങ്ങളുമായി പങ്കിടുന്നുണ്ട്. യുക്രൈന്‍ വിഷയത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ എങ്ങനെ ഇടപെടുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും റഷ്യയുടെ തീരുമാനം. റഷ്യയില്‍ നിന്ന് വാതകങ്ങള്‍ വാങ്ങുന്നത് പൂര്‍ണമായും നിര്‍ത്തിവയ്ക്കുന്നത് അസാധ്യമാണെങ്കിലും ചെറിയ വിലക്കുകള്‍ പോലും കാര്യമായി സ്വാധീനം ചെലുത്തും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വാതക ശേഖരണം കുറവായതിനാല്‍ നിലവില്‍ ആഗോളതലത്തില്‍ തന്നെ എനര്‍ജി വില ഉയര്‍ന്നിരുന്നു.
നേരത്തെ, ഗ്യാസ് വില ആദ്യമായി ഉയര്‍ന്നപ്പോള്‍ യുകെയിലെ വളം പ്ലാന്റുകള്‍ അടച്ചുപൂട്ടേണ്ട സ്ഥിതിയുണ്ടായി. കൂടാതെ, കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ക്ഷാമത്തിലേക്ക് നയിച്ചു. ഇത് മെഡിക്കല്‍ രംഗത്തെയും കാര്യമായി സ്വാധീനിച്ചിരുന്നു. അത്തരം അനന്തരഫലങ്ങള്‍ എണ്ണ, വാതക വിലകള്‍ വര്‍ദ്ധിക്കുന്നതിനൊപ്പം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഭക്ഷണം :2021 ല്‍ ഊര്‍ജമേഖലയില്‍ വില വര്‍ദ്ധവുണ്ടായതിനെ തുടര്‍ന്ന് ഭക്ഷ്യവസ്തുക്കളുടെ വിലയും കുതിച്ചുയര്‍ന്നിരുന്നു. ഇന്‍പുട്ട് ചെലവ് വര്‍ധിക്കുന്നത് ഭക്ഷണ നിര്‍മാതാക്കളെയും വിലവര്‍ദ്ധനവിന് നിര്‍ബന്ധിതരാക്കും. ആഗോളതലത്തില്‍ ഗോതമ്പ് കയറ്റുമതിയുടെ 25 ശതമാനവും റഷ്യ, യുക്രൈന്‍ എന്നിവിടങ്ങളില്‍ നിന്നാണ്. കൂടാതെ, സണ്‍ഫ്‌ളവര്‍ ഓയിലിന്റെ കയറ്റുമതില്‍ പകുതിയും യുക്രൈനില്‍ നിന്നാണ്. ഇവ രണ്ടും ഉപയോഗിച്ച്‌ വിവിധ തരം ഭക്ഷ്യ ഉല്‍പ്പന്നങ്ങളും തയ്യാറാക്കുന്നുണ്ട്. യുക്രൈനിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഈ രണ്ട് രാജ്യങ്ങളില്‍നിന്നുമുള്ള കയറ്റുമതി കുറയുന്നതോടെ ആഗോളതലത്തില്‍ ഈ രണ്ട് ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിച്ചേക്കും. ഇവ അസംസ്‌കൃത വസ്തുക്കളായി ഉപയോഗിക്കുന്ന മറ്റ് ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെയും വില വര്‍ധനവിന് ഇത് കാരണമായേക്കും.
കൂടാതെ, ചില രാജ്യങ്ങള്‍ റഷ്യയില്‍ നിന്നും ഉക്രെയ്‌നില്‍ നിന്നുമുള്ള ധാന്യങ്ങളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ഉദാഹരണത്തിന്, തുര്‍ക്കിയും ഈജിപ്തും 70 ശതമാനം ഗോതമ്പും ഇറക്കുമതി ചെയ്യുന്നത് ഈ രാജ്യങ്ങളില്‍ നിന്നാണ്. ചൈനയിലേക്കുള്ള ചോളത്തിന്റെ ഏറ്റവും വലിയ വിതരണക്കാരും ഉക്രെയ്‌നാണ്.
ഗതാഗതം :കോവിഡ് മഹാമാരിയെ തുടര്‍ന്ന ആഗോളതലത്തില്‍ തന്നെ ഗതാഗത മേഖല വലിയ താഴ്ചയിലേക്കാണ് വീണത്. ഇതില്‍നിന്ന് കരകയറുന്നതിനിടെ ഒരു യുദ്ധം കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. കടല്‍ ചരക്കുനീക്കം, റെയില്‍ ചരക്ക് ഗതാഗതം എന്നിവയെ റഷ്യ-യുക്രൈന്‍ യുദ്ധം സാരമായി ബാധിച്ചേക്കും.
2011 മുതല്‍, ചൈനയ്ക്കും യൂറോപ്പിനുമിടയില്‍ റെയില്‍ ചരക്ക് നീക്കം നടക്കുന്നുണ്ട്. അടുത്തിടെയാണ് 50,000-ാമത്തെ ട്രെയ്ന്‍ യാത്ര നടത്തിയത്. ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള മൊത്തം ചരക്കുനീക്കത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ റെയില്‍ കൊണ്ടുപോകുന്നുള്ളൂവെങ്കിലും, സമീപകാലത്ത് ഇത് നിര്‍ണായക പങ്ക് വഹിക്കുകയും ക്രമാനുഗതമായി വളരുകയും ചെയ്തിട്ടുണ്ട്. നിലവില്‍ യുദ്ധം പ്രഖ്യാപിച്ചതോടെ ട്രെയിനുകള്‍ ഇപ്പോള്‍ യുക്രെയ്‌നില്‍ നിന്ന് വഴിതിരിച്ചുവിടുകയാണ്. എന്നിരുന്നാലും, റഷ്യയ്ക്കെതിരായ ഉപരോധം തങ്ങളുടെ റെയില്‍ ഗതാഗതത്തെ സാരമായി ബാധിക്കുമെന്ന് ലിത്വാനിയ പോലുള്ള രാജ്യങ്ങള്‍ പ്രതീക്ഷിക്കുന്നു.
യുദ്ധം മൂലം എണ്ണവില ഉയരുന്നത് കപ്പല്‍ ചരക്ക് നീക്കത്തെ ആശങ്കപ്പെടുത്തുന്നതാണ്. ചരക്കുഗതാഗത നിരക്ക് ഇതിനകം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്. കൂടാതെ, യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ ആഗോള വിതരണ ശൃംഖലകളെ ലക്ഷ്യം വച്ചേക്കാമെന്ന ആശങ്കയുമുണ്ട്. വ്യാപാരം ഓണ്‍ലൈന്‍ വഴിയുള്ള വിവര കൈമാറ്റത്തെ വളരെയധികം ആശ്രയിക്കുന്നതിനാല്‍, പ്രധാന ഷിപ്പിംഗ് ലൈനുകളോ അടിസ്ഥാന സൗകര്യങ്ങളോ ടാര്‍ഗെറ്റുചെയ്യുകയാണെങ്കില്‍ ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
മെറ്റല്‍സ് :നിക്കല്‍, ചെമ്പ്, ഇരുമ്പ് തുടങ്ങിയ ലോഹങ്ങളുടെ ആഗോള ഉല്‍പ്പാദനത്തില്‍ റഷ്യയും യുക്രെയ്‌നുമാണ് മുന്നിലുള്ളത്. നിയോണ്‍, പലേഡിയം, പ്ലാറ്റിനം തുടങ്ങിയ അവശ്യ അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിയിലും നിര്‍മാണത്തിലും ഈ രണ്ട് രാജ്യങ്ങളും വലിയ പങ്കുവഹിക്കുന്നുണ്ട്. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയുടെ മേല്‍ ഉപരോധം വന്നേക്കുമെന്ന ആശങ്ക ഈ ലോഹങ്ങളുടെ വില വര്‍ധനവിന് കാരണമായിട്ടുണ്ട്. ഉദാഹരണത്തിന്, പലേഡിയത്തിന്റെ നിലവിലെ ട്രേഡിംഗ് വില ഔണ്‍സിന് ഏകദേശം 2,700 യുഎസ് ഡോളറാണ്. ഡിസംബര്‍ പകുതിക്ക് ശേഷം 80 ശതമാനത്തോളമാണ് വില ഉയര്‍ന്നത്. ഓട്ടോമോട്ടീവ് എക്സ്ഹോസ്റ്റ് സിസ്റ്റങ്ങള്‍, മൊബൈല്‍ ഫോണുകള്‍ മുതല്‍ ഡെന്റല്‍ ഫില്ലിംഗുകള്‍ വരെ എല്ലാത്തിനും പല്ലാഡിയം ഉപയോഗിക്കുന്നുണ്ട്. മറ്റ് നിര്‍മാണങ്ങള്‍ക്ക് ഉപയോഗിക്കുന്ന നിക്കല്‍, ചെമ്ബ് എന്നിവയുടെ വിലയും കുതിച്ചുയരുകയാണ്. യുഎസ്, യൂറോപ്പ്, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ എയ്റോസ്പേസ് വ്യവസായങ്ങളും റഷ്യയില്‍ നിന്നുള്ള ടൈറ്റാനിയത്തെയാണ് ആശ്രയിക്കുന്നത്.
മൈക്രോചിപ്പ് :2021ല്‍ മൈക്രോചിപ്പുകളുടെ ക്ഷാമം ഒരു പ്രധാന പ്രശ്നമായിരുന്നു. 2022-ല്‍ ഈ പ്രശ്നം ലഘൂകരിക്കുമെന്ന് ചില വിദഗ്ധര്‍ പ്രവചിച്ചിരുന്നു, എന്നാല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇത് രൂക്ഷമായി തുടര്‍ന്നേക്കും. റഷ്യയ്ക്കെതിരായ ഉപരോധത്തിന്റെ ഭാഗമായി റഷ്യയുടെ മൈക്രോചിപ്പുകളുടെ വിതരണം നിര്‍ത്തലാക്കുമെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. മെക്രോചിപ്പ് ഉല്‍പ്പാദനത്തിന് ആവശ്യമായി വരുന്ന നിയോണ്‍, പലേഡിയം, പ്ലാറ്റിനം എന്നിവയുടെ പ്രധാന കയറ്റുമതിക്കാരും റഷ്യയും യുക്രൈനുമാണ്.
ചിപ്പ് ലിത്തോഗ്രഫിക്ക് ഉപയോഗിക്കുന്ന നിയോണിന്റെ 90 ശതമാനം റഷ്യയില്‍ നിന്നാണ് എത്തുന്നത്. ഇതില്‍ 60 ശതമാനം ഒഡെസയിലെ ഒരു കമ്ബനിയാണ് ശുദ്ധീകരിക്കുന്നത്. ആഗോള വിപണിയില്‍ വിതരണം ചെയ്യുന്നതിന് ബദല്‍ സ്രോതസുകള്‍ കുറവാണെന്നിരിക്കെ മൈക്രോചിപ്പ് മേഖലയില്‍ കനത്ത ക്ഷാമമുണ്ടായേക്കും. ചിപ്പ് നിര്‍മാതാക്കള്‍ നിലവില്‍ രണ്ടോ നാലോ ആഴ്ചയ്ക്ക് ആവശ്യമായ സ്റ്റോക്കുകള്‍ കൈവശം വച്ചിട്ടുണ്ട്. എന്നാല്‍ യുക്രൈനിലെ സൈനിക നടപടി നീളുമെങ്കില്‍ കാറുകള്‍ ഉള്‍പ്പെടെയുള്ള ചിപ്പ് ആവശ്യമായി വരുന്ന ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനത്തെ സാരമായി ബാധിക്കും.

Related Articles

Back to top button