രാജ്കോട്ട്: കേരള ക്രിക്കറ്റ് ടീം അംഗം ശ്രീശാന്തിന് 2022 രഞ്ജി ട്രോഫിയില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായേക്കും. പരിശീലനത്തിനിടെ പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന ചിത്രം ചൊവ്വാഴ്ച ശ്രീ തന്നെ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു.
താരത്തിന്റെ പരിക്ക് മാറാന്‍ സമയം എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരായ മത്സരത്തിന് മുമ്പ് നടന്ന പരിശീലന സെഷനിടെ പരിക്കേറ്റതായും നടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ശ്രീശാന്ത് ഫെബ്രുവരി 23-ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇക്കാരണത്താല്‍ തന്നെ ഗുജറാത്തിനെതിരായ മത്സരത്തില്‍ ശ്രീ കളിച്ചിരുന്നില്ല. കേരളത്തിന്റെ ഇനിയുള്ള മത്സരങ്ങളില്‍ താരത്തിന് കളിക്കാന്‍ സാധിക്കുമോ എന്നത് സംശയമാണ്. അതേസമയം, ഈ വിഷയത്തില്‍ താരമോ കെസിഎയോ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.