KeralaLatestThiruvananthapuram

ഓണക്കിറ്റ്‌ വാങ്ങിയത്‌ 70 ലക്ഷം പേര്‍

“Manju”

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ്‌ 70 ലക്ഷം പേര്‍ വാങ്ങി. 80-85 ലക്ഷം കാര്‍ഡുടമകളാണ്‌ സാധാരണ ഭക്ഷ്യക്കിറ്റ്‌ വാങ്ങാറ്‌. ഇതുപ്രകാരം പതിനഞ്ച്‌ ശതമാനത്തോളം പേര്‍ മാത്രമാണ്‌ ഇനി കിറ്റ്‌ വാങ്ങാനുള്ളത്‌.

വെള്ളിയാഴ്‌ച വൈകിട്ട്‌ വരെയുള്ള കണക്കുപ്രകാരം 70 ലക്ഷത്തോളം പേര്‍ കിറ്റ്‌ വാങ്ങി. വ്യാഴം, വെള്ളി ദിവസങ്ങളിലായാണ്‌ കൂടുതല്‍ പേരും വാങ്ങിയത്‌. നഗരങ്ങളിലെ റേഷന്‍ കടകളില്‍ കാര്യമായ തിരക്ക്‌ അനുഭവപ്പെട്ടില്ല. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ നേരത്തേ കിറ്റ്‌ വിതരണം ചെയ്‌തിരുന്നു. കിറ്റ്‌ വാങ്ങാത്ത എല്ലാവര്‍ക്കും അടുത്ത പ്രവൃത്തി ദിനം കിറ്റ്‌ ലഭിക്കും.

ചില സ്ഥലങ്ങളില്‍ കശുവണ്ടിപ്പരിപ്പ്‌, ശര്‍ക്കര വരട്ടി എന്നിവ തികയാതെ വന്നത്‌ വിതരണം വൈകിപ്പിച്ചു. ഇത്തരം സ്ഥലങ്ങളില്‍ ഒരു കിലോ പഞ്ചസാരയും ആട്ടയും ഉള്‍പ്പെടുത്തി കിറ്റ്‌ വിതരണം പൂര്‍ത്തീകരിച്ചു. കിറ്റ്‌ വിതരണം വൈകാതിരിക്കാനും പരാതി പരിഹരിക്കാനും ഭക്ഷ്യമന്ത്രിയുടെ ഓഫീസ്‌ പ്രത്യേക സെല്‍ രൂപീകരിച്ചിരുന്നു.

ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും പ്രത്യേക പരിശോധന നടന്നു. ഗുണനിലവാരമില്ലാത്ത 18 ലോഡ്‌ സാധനം തിരിച്ചയച്ചു. കിറ്റ്‌ വിതരണത്തിന്‌ സഹകരിച്ച സിവില്‍ സപ്ലൈസ്‌, സപ്ലൈകോ ജീവനക്കാരെയും റേഷന്‍ വ്യാപാരികളെയും മന്ത്രി ജി ആര്‍ അനില്‍ അഭിനന്ദിച്ചു.

Related Articles

Back to top button