IndiaLatest

ഇന്ത്യയ്‌ക്ക് ഉപദേശവുമായി ചൈനീസ് സ്ഥാനപതി

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും ലോകശക്തികളാണെന്നും പരസ്പരം പോരടിക്കുന്നത് നിര്‍ത്താമെന്നും രണ്ടുരാജ്യങ്ങളുടേയും ആഭ്യന്തര കാര്യത്തില്‍ ഇടപെടാതിരിക്കാമെന്നുമുളള ഉപദേശങ്ങളുമായി സ്ഥാനമൊഴിയുന്ന ചൈനീസ് സ്ഥാനപതി സുന്‍ വീ ഡോംഗ്.

ഇന്ത്യയിലെ കാലാവധി അവസാനിച്ച്‌ മടങ്ങുന്നതിനോട് അനുബന്ധിച്ചുളള വിടവാങ്ങല്‍ സന്ദേശമാണ് സുന്‍ വീ ഡോംഗ് നല്‍കിയത്. ഇന്ത്യയും ചൈനയും പരസ്പര സഹകരണം ശക്തമാക്കണമെന്നും പോരടിക്കുന്നത് ഇരുകൂട്ടര്‍ക്കും ഗുണമല്ലെന്നുമാണ് സുംഗിന്റെ വാദം. ചൈനയില്‍ ആജീവനാന്ത പാര്‍ട്ടി നേതാവായും ചൈനയുടെ പരമാധികാരിയായും ഷീ ജിന്‍ പിംഗ് അധികാര തുടര്‍ച്ച നേടിയതോടെ സുംഗിന്റെ വാക്കുകള്‍ ഏറെ പ്രാധാന്യത്തോടെയാണ് വിദേശകാര്യ വിദഗ്ധര്‍ കാണുന്നത്.

‘ഇരുകൂട്ടര്‍ക്കും വാഴാന്‍ ആവശ്യത്തിലേറെ സ്ഥലം ലോകത്തിലുണ്ട്. നമുക്ക് പരസ്പരം ഇരുരാജ്യങ്ങളുടേയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കാം. ലോകശക്തികളാണ് നമ്മള്‍ ഇരുകൂട്ടരും. വ്യത്യസ്തമേഖലകളില്‍ നാം നമ്മുടെ സ്വാധീനം തെളിയിച്ചവരുമാണ്. ‘ സുന്‍ വിടവാങ്ങല്‍ സന്ദേശമായി പറഞ്ഞു.

2019 ജൂലൈ മാസത്തിലാണ് സുന്‍ ഇന്ത്യയില്‍ സ്ഥാനപതിയായി എത്തിയത്. 2020ലെ ലഡാക് അധിനിവേശ ശ്രമവും ഇന്ത്യയുടെ തിരിച്ചടിയും കൊറോണ കാലത്തെ ചൈന പ്രതിക്കൂട്ടിലായതും ഇതേ കാലയളവിലാണ്. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ഏറെ വഷളായ സന്ദര്‍ഭത്തിലെ സ്ഥാനപതി എന്ന നിലയിലെ സുന്നിന്റെ ഇടപെടലുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മൂന്ന് വര്‍ഷത്തോളം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പര ധാരണകള്‍ക്കായി പ്രവര്‍ത്തിക്കാന്‍ തനിക്ക് സാധിച്ചെന്നാണ് സുന്നിന്റെ വിലയിരുത്തല്‍.

Related Articles

Back to top button