KannurKeralaLatest

സമാധാനത്തിന് ആത്മീയതയുടെ അടിത്തറ വേണം- സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

കൂത്തുപറമ്പ് : ലോകജനത സമാധാനത്തിന്റെ വാതിലിലേക്ക് കടക്കാൻ മനുഷ്യന് ആത്മീയതയുടെ അടിത്തറ കൂടി ആവശ്യമാണെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ശാന്തിഗിരി ആശ്രമത്തിലെ ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിർദിനത്തിന്റെ ആഘോഷപരിപാടികളോടനുബന്ധിച്ച് വള്ള്യായിയിൽ ആരംഭിച്ച സത്സംഗ പരമ്പരയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമി. ലോകഗുരുക്കൻമാരുടെ ആശയങ്ങൾ ലോകത്ത് നടപ്പിലാക്കാൻ അവർ എന്നും തെരഞ്ഞെടുത്തത് സാധാരണക്കാരെയാണ്. ആത്മീയവഴിയിൽ ഗുരുവിനെ തിരുത്താൻ പോകുന്നതാണ് ശിഷ്യർക്ക് പറ്റുന്ന അപകടമെന്നും ഇതാണ് ആത്മീയ ചരിത്രത്തിലെ മൂല്യച്യുതിയെന്നും സ്വാമി അഭിപ്രായപ്പെട്ടു.

ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ച സത്സംഗത്തിൽ ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി സത്സംഗ സന്ദേശം നൽകി. ജനനി അഭേദ ജ്ഞാനതപസ്വിനി, സ്വാമി ജനനന്മ ജ്ഞാനതപസ്വി, സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വി, സ്വാമി ജയപ്രിയൻ ജ്ഞാനതപസ്വി, ബ്രഹ്മചാരി ഗിരീഷ്. ഇ,  ആശ്രമം ബ്രാഞ്ച് കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ നാണു. ആർ. കെ, ദാമോദരൻ. പി എന്നിവർ സംസാരിച്ചു. സ്വാമി സ്നേഹാത്മ ജ്ഞാന തപസ്വി, രവീന്ദ്രൻ. പി.ജി, രമണൻ.പി.ജി , സുജീന്ദ്രൻ മാസ്റ്റർ, ഹർഷദ് ലാൽ, കുമാരി സ്നേഹിത.ടി, കുമാരി ശ്വേത മുരളിധരൻ.എൻ എന്നിവർ  ഭക്തിഗാനങ്ങൾ അവതരിപ്പിച്ചത് സത്സംഗത്തിന് മിഴിവേകി. ആശ്രമത്തിന്റെ വിവിധ സാംസ്കാരിക സംഘടനകളിലെ മുതിർന്ന പ്രവർത്തകരെയും പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും വേദിയിൽ ആദരിച്ചു. ശാന്തിഗിരി വിദ്യാനിധി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും സത്സംഗത്തോടനുബന്ധിച്ച് നടന്നു. വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം തലശ്ശേരി ഏരിയ സീനിയർ കൺവീനർ രാജീവൻ.ടി സ്വാഗതവും ശാന്തിമഹിമ കോർഡിനേറ്റർ ശരിൻ രാജ് കെ.പി കൃതജ്ഞതയും പറഞ്ഞു.

രാവിലെ 8 മണിക്ക് തുടങ്ങിയ സത്സംഗം വൈകിട്ട് 6 ന് സമാപിച്ചു. ഏകദിന സത്സംഗത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്ന് നൂറുകണക്കിന് ഗുരുഭക്തർ കുടുംബസമേതം സംബന്ധിച്ചു. കോവിഡ് അടച്ചിരുപ്പിന് ശേഷമുള്ള ആദ്യ സത്സംഗം ഗുരുഭക്തർക്ക് ജീവിതവഴികളിലെ അനുഭവങ്ങൾ പങ്കുവെയ്ക്കാനും ഗുരുവിന്റെ ത്യാഗജീവിതത്തിന്റെ ദീപ്തസ്മരണയിൽ അലിഞ്ഞുചേരാനും അവസരമായി.

മെയ് 6 ന് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും നടക്കുന്ന നവഒലി ജോതിർദിനം ആഘോഷങ്ങളുടെ ഭാഗമായാണ് കണ്ണൂരിൽ സത്സംഗ പരമ്പരക്ക് തുടക്കം കുറിച്ചത്. ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആദിസങ്കൽപത്തിൽ ലയിച്ചതിന്റെ ( ദേഹവിയോഗം) വാർഷികമായാണ് ശാന്തിഗിരി പരമ്പര നവഒലി ജ്യോതിർദിനം ആചരിക്കുന്നത്. വരുംദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും, സംസ്ഥാനത്തെ ജില്ലകളിലും സത്സംഗങ്ങൾ സംഘടിപ്പിക്കും.

 

Related Articles

Back to top button