KeralaLatest

റെയില്‍വേ സ്വകാര്യവത്കരിക്കില്ല: കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: റെയില്‍വേ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് പദ്ധതിയില്ലെന്നും, പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ കഴമ്പില്ലാത്തതാണെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നത് റെയില്‍വേ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇത് ഒരു സാങ്കല്‍പ്പിക പോയിന്റ് മാത്രമാണ്. ട്രാക്ക് റെയില്‍വേയുടേതാണ്, സ്റ്റേഷനുകള്‍ റെയില്‍വേയുടേതാണ്, എഞ്ചിനുകള്‍ റെയില്‍വേയുടേതാണ്, ട്രെയിനുകള്‍ റെയില്‍വേയുടേതാണ്, സിഗ്നലിംഗ് സംവിധാനങ്ങള്‍ റെയില്‍വേയുടേതാണ്. ഇവിടെ സ്വകാര്യവല്‍ക്കരണത്തെക്കുറിച്ച്‌ സംസാരിക്കുന്നില്ല. റെയില്‍വേ സ്വകാര്യവത്കരിക്കാന്‍ പദ്ധതിയില്ല,” മന്ത്രി പറഞ്ഞു.
യാത്രാനിരക്കില്‍ 60,000 കോടി രൂപ സബ്‌സിഡി നല്‍കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ റെയില്‍വേ സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി നിരവധി എംപിമാര്‍ ആരോപിച്ച സാഹചര്യത്തിലാണ് റെയില്‍വേ മന്ത്രിയുടെ പ്രസ്താവന.
റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ തെറ്റിദ്ധാരണ റെയില്‍വേ അനുഭാവപൂര്‍വം പരിഹരിച്ചതായും 2022-23 വര്‍ഷത്തേക്കുള്ള റെയില്‍വേ മന്ത്രാലയത്തിനായുള്ള ഗ്രാന്റുകള്‍ക്കായുള്ള ആവശ്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ലോക്‌സഭയില്‍ മറുപടി പറയവേ മന്ത്രി അറിയിച്ചു.
“റിക്രൂട്ട്‌മെന്റിന് നിരോധനമില്ല. 1.14 ലക്ഷം ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു,” ചര്‍ച്ചയ്ക്കിടെ എംപിമാര്‍ ഉന്നയിച്ച വിവിധ വിഷയങ്ങളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.
മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള നിര്‍ദിഷ്ട ബുള്ളറ്റ് ട്രെയിനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. ഗുജറാത്ത് സെഗ്‌മെന്റില്‍ 99.7 ശതമാനം ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായതായും 750 തൂണുകള്‍ നിര്‍മ്മിച്ചതായും അദ്ദേഹം പറഞ്ഞു.
ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ പ്രവൃത്തികള്‍ പ്രതിമാസം 8 കിലോമീറ്റര്‍ എന്ന നിരക്കിലാണ് പുരോഗമിക്കുന്നത്. ഇത് പ്രതിമാസം 10 കിലോമീറ്ററായി ഉയര്‍ത്തും. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമില്ലാത്തതിനാല്‍ പശ്ചിമ ബംഗാളില്‍ 18 റെയില്‍വേ പദ്ധതികള്‍ തീര്‍പ്പാക്കാതെ കിടക്കുകയാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
വന്ദേ ഭാരത് ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 160 കിലോമീറ്ററില്‍ നിന്ന് 200 കിലോമീറ്ററായി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ഇത്തരം 400 ട്രെയിനുകള്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button