KeralaLatest

രാജ്യവ്യാപക പണിമുടക്ക്, 4 ദിവസത്തേക്ക് ബാങ്കുകള്‍ അടഞ്ഞ് കിടക്കും

“Manju”

ബാങ്ക് സംബന്ധമായ എന്തെങ്കിലും ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ടോ? ഉണ്ടെങ്കില്‍ അത് എത്രയും വേ​ഗം ചെയ്ത് തീര്‍ക്കണം.
കാരണം മാര്‍ച്ച്‌ അവസാന വാരം തുടര്‍ച്ചയായി നാല് ദിവസം രാജ്യത്തുടനീളമുള്ള ബാങ്കുകള്‍ അടഞ്ഞുകിടക്കും. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിലും ബാങ്ക് നിയമ ഭേദഗതി ബില്ലിലും പ്രതിഷേധിച്ച്‌ നടത്തുന്ന പണിമുടക്കിനെ തുടര്‍ന്നാണ് ബാങ്കുകള്‍ എല്ലാം അടച്ചിടുക. മാര്‍ച്ച്‌ 28, 29 തിയതികളിലാണ് പണിമുടക്ക്. അതിന് മുന്‍പുള്ള രണ്ട് ദിവസങ്ങളിലും (ശനി,ഞായര്‍) ബാങ്കുകള്‍ അടഞ്ഞ് കിടക്കും.
വിവിധ എംപ്ലോയീസ് യൂണിയനുകള്‍ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ആണ് ഇക്കാര്യം അറിയിച്ചത്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബിഇഎഫ്‌ഐ), ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ (എഐബിഒഎ) എന്നിവ രാജ്യവ്യാപക പണിമുടക്ക് നടത്തുന്നതിന് നോട്ടീസ് നല്‍കി.

പണിമുടക്ക് ദിവസങ്ങളില്‍ എസ്ബിഐ തുറന്നു പ്രവര്‍ത്തിക്കും. എസ്ബിഐ ശാഖകളുടെയും ഓഫീസുകളുടെയും സാധാരണ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പണിമുടക്ക് ബാങ്ക് പ്രവര്‍ത്തനങ്ങളെ ഒരു പരിധിവരെ ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ടെന്ന് എസ്ബിഐ അറിയിച്ചു. സാധാരണക്കാര്‍ക്ക് സേവനങ്ങള്‍ ലഭിക്കുന്നതില്‍ പ്രശ്‌നമുണ്ടാക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും എസ്ബിഐ അറിയിച്ചു.
അതേസമയം ഏപ്രിലില്‍ 15 ദിവസം രാജ്യത്തുടനീളമുള്ള ബാങ്കുകള്‍ അടച്ചിടും. ഗുഡി പദ്‌വ, അംബേദ്കര്‍ ജയന്തി, ബൈശാഖി തുടങ്ങിയ അവധികളാണ് ഇതിന് കാരണം.

Related Articles

Back to top button