KeralaLatest

നയതന്ത്ര പാടവം മികവുറ്റതാക്കാന്‍ എംയുഎന്‍ സഹായകമാകും

“Manju”

കൊച്ചി: വിദ്യാര്‍ത്ഥികളില്‍ നയതന്ത്ര പാടവം മികവുറ്റതാക്കാന്‍ എംയുഎന്‍ സഹായകമാകുമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ. എന്‍ മധുസൂദനന്‍ പറഞ്ഞു. കുസാറ്റ് യുവജനക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മോഡല്‍ യുണൈറ്റഡ് നേഷന്‍സ് (കുസാറ്റ് എംയുഎന്‍-22) 3-ാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകം നേരിടുന്ന ആഗോള പ്രശ്‌നങ്ങള്‍ക്ക് സുസ്ഥിരമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാനും വിദ്യാര്‍ത്ഥികളില്‍ നേതൃത്വപാടവം, അഭിപ്രായ രൂപീകരണം, തുടങ്ങിയ വിവിധ കഴിവുകള്‍ പരിപോഷിപ്പിക്കാനും എംയുഎന്‍ പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ ഫലപ്രദമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെമിനാര്‍ കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ പ്രോവൈസ് ചാന്‍സലര്‍ ഡോ. പി. ജി. ശങ്കരന്‍ അദ്ധ്യക്ഷനായി. യുഎന്‍എച്ച്‌സിആര്‍ ആര്‍എസ്ഡി പ്രതിനിധി സ്മൃതി ബ്രാര്‍, യുവജനക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. പി. കെ. ബേബി, കുസാറ്റ് എംയുഎന്‍ സെക്രട്ടറി ജനറല്‍ മുകുന്ദ് രാജേഷ്, കുസാറ്റ് എംയുഎന്‍ ഡയറക്ടര്‍ ജനറല്‍ ജെറി പീറ്റര്‍, എംയുഎന്‍ കോര്‍ഡിനേറ്റര്‍ ഓസിയ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇരുനൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന എംയുഎന്‍ മാര്‍ച്ച്‌ 27 ന് സമാപിക്കും.

ഐക്യരാഷ്ട്ര സംഘടനയിലെ വിവിധ സഭകളുടെ മാതൃകയില്‍ വിദ്യാര്‍ത്ഥികള്‍ സമ്മേളിക്കുന്ന വേദിയാണ് എം.യു.എന്‍. രാഷ്ട്രിയ സാഹചര്യങ്ങള്‍, നയതന്ത്രം, യു. എന്‍. പ്രവര്‍ത്തന രീതികള്‍ എന്നീ വിഷയങ്ങളിലെല്ലാം വിദ്യാര്‍ത്ഥികള്‍ അനുഭവസമ്പത്ത് നേടുന്നു. രണ്ടാം ലോക മഹായുദ്ധം ചര്‍ച്ചചെയ്യുന്ന ക്രൈസിസ് കമ്മിറ്റി, ശീത യുദ്ധം അജണ്ടയാകുന്ന അന്താരാഷ്ട്ര സുരക്ഷാ സമിതി, ,അഫ്ഗാനിസ്ഥാനിലെ നിലവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മനുഷ്യാവകാശ കമ്മീഷന്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സി. .പി. 27, പൊതു സ്ഥാപനങ്ങളിലെ മതപരമായ വസ്ത്രധാരണ രീതിയും ഏകീകൃത സിവില്‍ കോഡും അജണ്ടയാകുന്ന അഖിലേന്ത്യ രാഷ്ട്രീയ സര്‍വ കക്ഷി യോഗം, എന്നീ ആറ് കമ്മറ്റികള്‍ ആണ് കുസാറ്റ് എം.യു.എന്‍. മുന്നാം പതിപ്പിന്റെ ഭാഗമായിട്ടുള്ളത്. കുസാറ്റ് സയന്‍സ് സെമിനാര്‍ കോംപ്ലക്‌സ്, സെനറ്റ് ഹാള്‍, സെന്‍ട്രല്‍ ലൈബ്രറി എന്നിവിടങ്ങളിലായാണ് കമ്മിറ്റികള്‍ നടക്കുന്നത്.

 

Related Articles

Back to top button