IndiaLatest

കൊങ്കണ്‍ മേഖലയില്‍ 100 % വൈദ്യുതീകരണം; അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

“Manju”

മുംബൈ: റോഹ മുതല്‍ തോക്കൂര്‍ വരെയുള്ള കൊങ്കണ്‍ റെയില്‍ പാതയില്‍ വൈദ്യുതീകരണം 100 ശതമാനം പൂര്‍ത്തിയായതിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. സുസ്ഥിര വികസനത്തിന്റെ പുതിയ മാനദണ്ഡമാണിതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കൊങ്കണ്‍ റെയില്‍വേയിലെ ഉദ്യോഗസ്ഥരെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് കൊങ്കണ്‍ പാതിയിലെ വൈദ്യുതീകരണം പൂര്‍ണ്ണമായും പൂര്‍ത്തിയായത്. ഇതോടെ വൈദ്യുതി എന്‍ജിനുകള്‍ ഘടിപ്പിച്ച തീവണ്ടികളും ഇതുവഴി ഓടിത്തുടങ്ങും. മുഴുവന്‍ പാതയുടേയും സുരക്ഷാ പരിശോധന കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. സുരക്ഷാ കമ്മീഷ്ണറുടെ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും. ചരക്കുവണ്ടികളാകും വൈദ്യുത എന്‍ജിനില്‍ ആദ്യം ഓടിത്തുടങ്ങുക.

മുംബൈ ഭാഗത്ത് റോഹ മുതല്‍ രത്‌നഗിരി വരെയും മംഗളൂരു ഭാഗത്ത് തോക്കൂര്‍ മുതല്‍ കാര്‍വാര്‍ വരെയും നേരത്തെ തന്നെ വൈദ്യുതീകരണം പൂര്‍ത്തിയായിരുന്നു. ഈ മേഖലയില്‍ ചരക്ക് ട്രെയ്‌നുകളും പാസഞ്ചര്‍ ട്രെയ്‌നുകളുമാണ് ഓടുന്നത്. രത്‌നഗിരിമുതല്‍ കാര്‍വാര്‍ വരെയുള്ള 300 കിലോമീറ്റര്‍ പാതയിലാണ് കഴിഞ്ഞ ദിവസം വൈദ്യുതീകരണം പൂര്‍ത്തിയായത്. വൈദ്യുത എന്‍ജിനുകളിലേക്ക് മാറുന്നതോടെ ഇതുവഴിയുള്ള ട്രെയിനിന്റെ വേഗവും വര്‍ദ്ധിക്കും.

റോഹമുതല്‍ തോക്കൂര്‍ വരെയുള്ള 741 കിലോമീറ്റര്‍ പാത വൈദ്യുതീകരിക്കുന്നതിന് 1287 രൂപയാണ് ചെലവായത്. 2016 നവംബറില്‍ ആരംഭിച്ച പണി പൂര്‍ത്തിയാകാന്‍ അഞ്ച് വര്‍ഷത്തില്‍ അധികം കാലമെടുത്തു. വൈദ്യുതി എന്‍ജിനിലേക്ക് മാറുന്നതോടെ ഇന്ധനചെലവില്‍ വര്‍ഷം 200 കോടി രൂപയുടെ ലാഭം റെയില്‍വേയ്ക്കുണ്ടാക്കാം. വായൂമലിനീകരണം ഇല്ലാതാകുന്നതാണ് മറ്റൊരു നേട്ടം.

Related Articles

Back to top button