IndiaLatest

ഇലക്ട്രിക് വാഹനങ്ങളുടെ വില രണ്ട് വർഷത്തിനുള്ളിൽ കുറയും;  നിതിൻ ഗഡ്കരി

“Manju”

ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങളുടെ വില രണ്ട് വർഷത്തിനുള്ളിൽ പെട്രോൾ വാഹനങ്ങളുടെ വിലയ്‌ക്ക് തുല്യമാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. എല്ലാ സർക്കാർ ഓഫീസുകളുടെ പരിസരത്തും പാർക്കിംഗ് ഏരിയയിലും ഇലക്ട്രിക് ചാർജിംഗ് സൗകര്യം ഉറപ്പുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

‘രണ്ട് വർഷത്തിനുള്ളിൽ ഇലക്ട്രിക് ടൂവീലറുകൾ, ത്രീ വീലറുകൾ, ഫോർ വീലറുകൾ എന്നിവയുടെ വില പെട്രോൾ വാഹനങ്ങളുടെ വിലയ്‌ക്ക് തുല്യമാകും. രാജ്യം ഇലക്ട്രിക് യുഗത്തിലേയ്‌ക്ക് മാറി, പ്രകൃതിയുടെ സംരക്ഷണം കൂടുതൽ ശക്തമാക്കും. പാർലമെന്റ് വളപ്പിൽ ചാർജിംഗ് സ്റ്റേഷന് സ്ഥലം അനുവദിക്കണമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർളയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ചാർജിംഗ് സ്‌റ്റേഷൻ സ്ഥാപിച്ചു കഴിഞ്ഞാൽ, എല്ലാ എംപിമാർക്കും ഇവികൾ വാങ്ങാം’ നിതിൻ ഗഡ്കരി പറഞ്ഞു. വൈദ്യുത വാഹനങ്ങൾക്ക് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വൈദ്യുതി മന്ത്രാലയം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഊർജ്ജ ഉപഭോഗ നിയന്ത്രണത്തിൽ മാതൃകയായി ഇന്നലെ പാർലമെന്റിൽ ഹൈഡ്രജൻ കാറിലാണ് നിതിൻ ഗഡ്കരി എത്തിയത്. വെളുത്ത ടൊയോട്ട മിറാറി കാറിന്റെ ഇരുവശത്തും പവേർഡ് ബൈ ഹൈഡ്രജൻ എന്ന് എഴുതിയ കാറിലാണ് റോഡ് ഗതാഗത-ദേശീയപാത വകുപ്പ് മന്ത്രി എത്തിയത്. ഇന്ത്യയിൽ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയ കാറിന് ഫുൾടാങ്ക് ഇന്ധനം അടിച്ചാൽ 600 കിലോമീറ്റർ ദൂരം വരെ ഓടാനാകും. നിലവിലെ ഇന്ധന വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു കിലോമീറ്റർ യാത്രയ്‌ക്ക് കേവലം 2 രൂപ മാത്രമാണ് ചിലവ് വരിക എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

രാജ്യത്തെ ആത്മനിർഭർ ആക്കുന്നതിന്റെ ഭാഗമായി, ഇന്ത്യയിൽ ഗ്രീൻ ഹൈഡ്രജന്റെ നിർമ്മാണം ആരംഭിക്കുകയും, ഹൈഡ്രജൻ വാഹനങ്ങളുടെ ഇറക്കുമതി നിയന്ത്രിച്ച് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് നിതിൻ ഗഡ്കരി വ്യക്തമാക്കി.

Related Articles

Back to top button